സംസ്ഥാനത്തെ ബീച്ചുകളും പാർക്കുകളും മ്യൂസിയങ്ങളും ഇന്നു മുതൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും

സംസ്ഥാനത്തെ ബീച്ചുകളും പാർക്കുകളും മ്യൂസിയങ്ങളും ഇന്നു മുതൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കിയാകും സന്ദർശകരെ അനുവദിക്കുക. ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നും നിർദ്ദേശം ഉണ്ട്.
ടൂറിസം രംഗത്തെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഒക്ടോബർ പത്ത് മുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിരുന്നു. രണ്ടാം ഘട്ടമായി ഇന്ന് മുതൽ ബീച്ചുകൾ, പാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവിടങ്ങളിൽ കൂടി സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ വിനോദസഞ്ചാര രംഗം പൂർവ സ്ഥിതിയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ മാസം തുറന്ന ടൂറിസം കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതികരണം ആശാവഹമാണെന്നാണ് ടൂറിസം വകുപ്പിന്റെ വിലയിരുത്തൽ.
ബീച്ചുകൾ പോലുള്ള പ്രദേശങ്ങളിൽ പ്രത്യേക കവാടങ്ങൾ സജ്ജീകരിച്ച് എത്തുന്നവരുടെ താപനില പരിശോധിക്കും.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കൈവരികൾ, ഇരിപ്പിടങ്ങൾ എന്നിവ നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കും.
മ്യൂസിയം, പാർക്ക് എന്നിവിടങ്ങളിൽ ഓൺലൈൻ, എസ്എംഎസ് ടിക്കറ്റ് സംവിധാനം നടപ്പാക്കാനാണ് പദ്ധതി, സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾക്ക് പരമാവധി ഒരു മണിക്കൂർ മാത്രമേ പാർക്കിംഗ് അനുവദിക്കുകയുള്ളൂ. സന്ദർശകരുടെ പേര്, മേൽവിലാസം, ഫോൺനമ്പർ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള രജിസ്റ്റർ എല്ലാ കവാടങ്ങളിലും സ്ഥാപിക്കും.
ഏഴ് ദിവസത്തിൽ താഴെ സംസ്ഥാനം സന്ദർശിക്കാനെത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ല. എന്നാൽ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏഴ് ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തങ്ങുന്നവർ ഏഴാം ദിവസം ഐസിഎംആർ, സംസ്ഥാന സർക്കാർ എന്നിവയുടെ അംഗീകൃതമായ ലാബുകളിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം.
Story Highlights – beach, museum