Advertisement

‘വെടിക്കെട്ട് ക്ലൈമാക്സ്’; മോർഗന് ഫിഫ്റ്റി: രാജസ്ഥാന് 192 റൺസ് വിജയലക്ഷ്യം

November 1, 2020
Google News 2 minutes Read
kkr rr ipl innings

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 192 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 7 നഷ്ടപ്പെടുത്തിയാണ് 191 റൺസ് നേടിയത്. കൊൽക്കത്തയ്ക്കായി 68 റൺസ് നേടിയ ഓയിൻ മോർഗൻ ടോപ്പ് സ്കോററായി. രാഹുൽ ത്രിപാഠി (39), ശുഭ്മൻ ഗിൽ (36), ആന്ദ്രേ റസൽ (25) എന്നിവരും നന്നായി ബാറ്റ് ചെയ്തു. രാജസ്ഥാനു വേണ്ടി രാഹുൽ തെവാട്ടിയ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. നിതീഷ് റാണ (0) ജോഫ്ര ആർച്ചറുടെ പന്തിൽ സഞ്ജുവിൻ്റെ കൈകളിൽ അവസാനിച്ചു. രണ്ടാം വിക്കറ്റിൽ ശുഭ്മൻ ഗിൽ-രാഹുൽ ത്രിപാഠി സഖ്യം 72 റൺസ് കൂട്ടിച്ചേർത്തു. അനായാസം ബാറ്റ് വീശിയ ഇരുവരും ചേർന്ന് കൊൽക്കത്തയെ രക്ഷിച്ചെടുത്തു. 9ആം ഓവറിൽ രാഹുൽ തെവാട്ടിയ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 36 റൺസെടുത്ത ഗില്ലിനെ ജോസ് ബട്‌ലർ പിടികൂടി. സുനിൽ നരേൻ (0) ആ ഓവറിൽ തന്നെ മടങ്ങി. നരേനെ സ്റ്റോക്സ് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

ഏറെ വൈകാതെ രാഹുൽ ത്രിപാഠിയും (39) മടങ്ങി. ത്രിപാഠിയെ ശ്രേയാസ് ഗോപാൽ റോബിൻ ഉത്തപ്പയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. ദിനേഷ് കാർത്തിക് (0) രാഹുൽ തെവാട്ടിയയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി. കാർത്തികിനെ സ്മിത്ത് പിടികൂടി. ആറാം വിക്കറ്റിൽ ആന്ദ്രേ റസൽ- ഓയിൻ മോർഗൻ സഖ്യം കൂട്ടിച്ചേർത്ത 49 റൺസാണ് കൊൽക്കത്തയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. കാർത്തിക് ത്യാഗി എറിഞ്ഞ 16ആം ഓവറിൽ റസൽ പുറത്തായി. ത്യാഗിയെ തുടർച്ചയായി രണ്ട് സിക്സറുകൾ അടിച്ച റസൽ അത് ആവർത്തിക്കാനുള്ള ശ്രമത്തിനിടെ സ്ബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ ഡേവിഡ് മില്ലറുടെ കൈകളിൽ അവസാനിക്കുകയായിരുന്നു.

ഏഴാം വിക്കറ്റിൽ ഓയിൻ മോർഗൻ-പാറ്റ് കമ്മിൻസ് സഖ്യം കൂട്ടിച്ചേർത്ത 40 റൺസ് നിർണായകമായി. ഇതിനിടെ 30 പന്തുകളിൽ മോർഗൻ ഫിഫ്റ്റി തികച്ചു. കാർത്തിക് ത്യാഗി എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തിൽ കമ്മിൻസ് (15) പുറത്തായി. കമ്മിൻസിനെ സഞ്ജു പിടികൂടുകയായിരുന്നു. മോർഗൻ (68) പുറത്താവാതെ നിന്നു.

Story Highlights kolkata knight riders vs rajasthan royals first innings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here