നടിയെ ആക്രമിച്ച കേസ്; വിചാരണ വെള്ളിയാഴ്ച വരെ മരവിപ്പിച്ച് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ വെള്ളിയാഴ്ചവരെ മരവിപ്പിച്ചു. ഹൈക്കോടതിയുടേതാണ് നടപടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ കോടതിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി.
വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
കേസിലെ എട്ടാം പ്രതി ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മഞ്ജുവിന്റെ മൊഴി. വിചാരണ കോടതി ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയിട്ടില്ല. പല കാര്യങ്ങളും കണ്ടില്ലെന്ന് നടിച്ചു.
നടിയെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞുവെന്ന മൊഴി കേട്ടറിവ് മാത്രമല്ലേയെന്ന് കോടതി ചോദിച്ചു. പല സാക്ഷികളെയും അപമനിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും നടി വ്യക്തമാക്കി. അതിനിടെ കോടതി നിഷ്പക്ഷമല്ലെന്ന് പറയാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച വരെ വിചാരണ നിർത്തിവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്.
വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
Story Highlights – Actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here