കൊവിഡ് സ്ഥിരീകരിച്ചാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊവിഡ് സ്ഥിരീകരിച്ചാല്‍ ചില തയാറെടുപ്പുകള്‍ നടത്തുന്നത് വളരെ നന്നായിരിക്കും. വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവരും ഇത്തരമൊരു തയാറെടുപ്പ് നടത്തേണ്ടതാണ്. സ്വന്തമായി ലാബില്‍ പരിശോധിക്കുമ്പോള്‍ പോസിറ്റീവ് ആണെന്നറിഞ്ഞാലും ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം. കൊവിഡ് രോഗ ലക്ഷണങ്ങളില്ലാതെ ആരോഗ്യമുള്ളവര്‍ക്ക്/ ലഘു രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്വന്തം വീടുകളില്‍ കഴിയാവുന്നതാണ്.
വീടുകളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ബാത്ത് അറ്റാച്ച്ഡ് റൂം, അസുഖമില്ലാത്തതും ആരോഗ്യമുള്ളതുമായ ഒരു സഹായി, ബുദ്ധിമുട്ട് എന്തെങ്കിലും തോന്നിയാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാനുള്ള സംവിധാനം, വേഗത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സാഹചര്യവും ഇവ അവശ്യ ഘടകങ്ങളാണ്.
- സാധിക്കുമെങ്കില്‍ ഒരു പള്‍സ് ഓക്‌സീമീറ്റര്‍ കൈയില്‍ കരുതുന്നത് വളരെ നല്ലതാണ്.
- കൊവിഡ് സ്ഥിരീകരിച്ച 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, 12 വയസിനു താഴെ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ഹൃദ്രോഗികള്‍, കരള്‍ രോഗികള്‍, വൃക്കരോഗികള്‍, ദീര്‍ഘസ്ഥായി രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതാണ് ഉത്തമം.
കൊവിഡ് ആശുപത്രികളിലേക്കോ അല്ലെങ്കില്‍ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലേക്കോ പ്രവേശിക്കുന്നതിന് മുന്‍പായി ഓരോ വ്യക്തിയും ചില മുന്നൊരുക്കങ്ങള്‍ നടത്തുന്നത് വളരെ നന്നായിരിക്കും.
- മാസ്‌കുകള്‍,സാനിറ്റൈസര്‍, സോപ്പ്,വാട്ടര്‍ ബോട്ടില്‍, മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നത്തിനായുള്ള കവറുകള്‍/ബാഗുകള്‍, മൊബൈല്‍, ചാര്‍ജര്‍ എന്നിവ കൈയില്‍ കരുതേണ്ടതാണ്.
- പതിവായി ഉപയോഗിക്കുന്ന മരുന്നുകള്‍, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ (ഉണ്ടെങ്കില്‍) മെഡിക്കല്‍ ഇന്‍ഷുറന്‍സ് രേഖകള്‍ (ഉണ്ടെങ്കില്‍), തിരിച്ചറിയല്‍ രേഖകള്‍ എന്നിവ എടുക്കാന്‍ മറക്കരുത്.
- രണ്ട് ജോഡി വസ്ത്രങ്ങള്‍, ഷീറ്റുകള്‍, ബ്രഷ്, പേസ്റ്റ്,തോര്‍ത്ത്, സാനിട്ടറി പാഡുകള്‍ തുടങ്ങിയ അവശ്യവസ്തുക്കളും കൈയില്‍ കരുതേണ്ടതാണ്.
- ഊന്നുവടി, കണ്ണട, ശ്രവണ സഹായി എന്നിവ ഉപയോഗിക്കുന്നവരാണെങ്കില്‍ എടുക്കാന്‍ മറക്കരുത്.
- രോഗം മൂര്‍ച്ഛിച്ചാല്‍ വിദഗ്ധ ചികിത്സക്കായി കൊവിഡ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യപ്പെടും എന്ന വസ്തുത കൂടി ഓര്‍ക്കേണ്ടതാണ്.
- മാഗസിന്‍ പുസ്തകങ്ങള്‍ പത്രം എന്നിവ ആവശ്യമെങ്കില്‍ കൈയില്‍ കരുതേണ്ടതാണ്.
- സാധാരണ നിലയില്‍ കൂട്ടിരിപ്പുകാരെ സിഎഫ്എല്‍റ്റിസികള്‍/കൊവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ അനുവദിക്കുന്നതല്ല. എന്നിരുന്നാലും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന രോഗികളുടെ കാര്യത്തില്‍ സൂപ്രണ്ടിനു കൂട്ടിരിപ്പുകാരെ അനുവദിക്കാവുന്നതായിരിക്കും.
- കൂട്ടിരിപ്പുകാര്‍ വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ (PPE) നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.
- ഓരോ വ്യക്തികളുടെയും പരിപൂര്‍ണമായ സഹകരണം ഇവിടെ ആവശ്യമാണ്
- സിഎഫ്എല്‍ടിസികളില്‍ കഴിയുന്നവരും കൊവിഡ് ആശുപത്രികളില്‍ കഴിയുന്നവരും ജീവനക്കാരോട് സഹകരിക്കുകയും അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്.
Story Highlights – Tested Covid positive? things to keep in mind
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here