സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നു; മുന്‍കരുതലുകളില്‍ വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരേസമയം ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധി എത്തിയത് ഒക്ടോബര്‍ 24 നാണ്. 97,417 പേരാണ് ആ ദിവസം ചികിത്സയിലുണ്ടായിരുന്നത്. അതിനുശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുവരുന്നതായാണ് കാണുന്നത്. ഇന്ന് 84,087 പേരാണ് ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിനുഷശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ ദിവസത്തെയും കണക്ക് തൊട്ട് മുന്‍പുള്ള ആഴ്ചയിലെ അതാത് ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമുതല്‍ 10 ശതമാനം വരെ കുറവ് കാണുന്നുണ്ട്. ഇന്നലത്തെ കണക്ക് നോക്കിയാല്‍ കഴിഞ്ഞ ചൊവ്വാഴ്ചയിലെ ആക്ടീവ് കേസുകളെക്കാള്‍ 10 ശതമാനം കുറവാണ്. ഇത്തരത്തിലുള്ള പ്രവണത ഇത്ര അധികം ദിവസങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നത് ആദ്യമായാണ്. ഈ കണക്കുകള്‍ കാണുമ്പോള്‍ രോഗം പിന്‍വലിയുകയാണോ എന്നൊരു തോന്നല്‍ ഉണ്ടായേക്കാം. അതിന്റെ ഭാഗമായി മുന്‍കരുതലുകളില്‍ വീഴ്ച വരുത്താനും സാധ്യതയുണ്ട്. അത്തരമൊരു അനാസ്ഥയിലേക്ക് പോകരുത്.
നിരവധി സ്ഥലങ്ങളില്‍ രോഗം ഒരുതവണ ഉച്ചസ്ഥായിയില്‍ എത്തിയശേഷം ഇടവേള പിന്നിട്ട് വീണ്ടും ആദ്യത്തേക്കാള്‍ മോശമായ രീതിയില്‍ പീക്ക് ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അതുപോലൊരു സാഹചര്യം ഉടലെടുത്താല്‍ രോഗം ഏല്‍പിക്കുന്ന ആഘാതം നിയന്ത്രണാതീതമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – number of covid patients in kerala declining
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here