കെ – ഫോണ്‍, ഇ – മൊബിലിറ്റി പദ്ധതികള്‍ അട്ടിമറിക്കാന്‍ ഒരുകൂട്ടര്‍ ശ്രമിക്കുന്നു; ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് മുഖ്യമന്ത്രി

കെ – ഫോണ്‍, ഇ – മൊബിലിറ്റി പദ്ധതികള്‍ അട്ടിമറിക്കാന്‍ ഒരുകൂട്ടര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അതിനായി ഇവിടത്തെ പ്രതിപക്ഷ കക്ഷികള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ്. ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ അവ ഏറ്റുപിടിച്ച് പൊതുസമൂഹത്തില്‍ ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇവയുടെയൊക്കെ ചുവടുപറ്റിക്കൊണ്ട് ചില കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാപരമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ കഴിയുമോ എന്നു കൂടി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഇന്റര്‍നെറ്റ് അതിവേഗത്തിലാണ് നമുക്കിടയില്‍ സ്ഥാനമുറപ്പിച്ചത്. ഭക്ഷണവും വെള്ളവും പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായി ഇന്നത് മാറിക്കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞാണ് ഈ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ ഓരോ വീട്ടിലും വൈദ്യുതി പോലെ ഹൈസ്പീഡ് ഇന്റര്‍നെറ്റ് എത്തിക്കുന്ന കെ-ഫോണ്‍ പദ്ധതി വിഭാവനം ചെയ്തത്.

അതുപോലെ തന്നെ ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ മറ്റൊരു പ്രധാന പദ്ധതിയാണ് ഇ-മൊബിലിറ്റി. വായുമലിനീകരണവും കാര്‍ബണ്‍ ഇന്ധനങ്ങളുടെ ഉപഭോഗവും കുറയ്ക്കുന്നതിന് ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്. അതിന്റെ ഭാഗമായി ഘട്ടംഘട്ടമായി കേരളത്തിലെ പൊതുവാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളായി മാറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ നയം അംഗീകരിച്ചിട്ടുണ്ട്. ഈ നയം അനുസരിച്ച് 2025നകം 3000 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.

ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനം യാഥാര്‍ത്ഥ്യമാക്കുന്നതും കേരളത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതും ഇവിടെ തൊഴിലുകള്‍ സൃഷ്ടിക്കുന്നതുമായ സുപ്രധാന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിനെ തുരങ്കം വെക്കാനാണ് ഒരു കൂട്ടരുടെ ശ്രമം. അതിന്റെ ഭാഗമായാണ് കെ-ഫോണ്‍ എന്ന സുപ്രധാന പദ്ധതിയെ അടക്കം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights Some are trying to sabotage K-phone and e-mobility schemes: cm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top