കമലാ ദേവി ഹാരിസ് എന്ന കമലാ ഹാരിസ്…
അമേരിക്കയിൽ വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിത, ആദ്യ ആഫ്രോ അമേരിക്കൻ, ആദ്യ ഏഷ്യൻ അമേരിക്കൻ വംശജയാണ് കമലാ ഹാരിസ്. ജെറാൾഡൈൻ ഫെരാരോ, സാറാ പാലിൻ എന്നിവർക്കുശേഷം ഈ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന മൂന്നാമത്തെ വനിതയും.
കമലാ ദേവി ഹാരിസ് എന്ന കമലാ ഹാരിസ്?
2004ൽ കമല ഹാരിസ് സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോർണി ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. 2011 മുതൽ 2017 വരെ കമല കാലിഫോർണിയയുടെ അറ്റോർണി ജനറൽ ആയിരുന്നു. 2016ൽ കമല അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്ന് കാലിഫോർണിയൻ പ്രൈമറികളിൽ അമേരിക്കൻ പ്രസിഡന്റാകാനുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളുടെ കൂട്ടത്തിൽ കമലയുടെ പേരും ഉയർന്നുവന്നിരുന്നു. കമല മത്സരിക്കാനും തയാറായി. എന്നാൽ, ആ പ്രചാരണം അധികം മുന്നോട്ട് പോയില്ല. കമല തന്റെ നോമിനേഷൻ പിൻവലിച്ചു. എന്നാൽ ഇത്തവണ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒരു വനിത വേണമെന്ന ജോ ബൈഡന്റെ തീരുമാനം കമലയ്ക്ക് അവസരമായി. പതിനെട്ട് ലക്ഷത്തോളം ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ വോട്ടവകാശമുണ്ട്. കമലയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ആ വോട്ടുകൾ തനിക്ക് നേടാമെന്ന ബൈഡന്റെ കണക്കുകൂട്ടലും കമലാ ഹാരിസിന് തുണയായി. മാത്രമല്ല കമലയുടെ കറുത്ത വംശജ എന്ന പശ്ചാത്തലം ട്രംപിനെതിരെ നേരത്തെത്തന്നെ ഉയർന്നുവന്നിട്ടിള്ള കറുത്ത വർഗക്കാരുടെ വികാരം തനിക്കുള്ള വോട്ടാക്കി മാറ്റാമെന്ന ചിന്തയും ബൈഡനുണ്ട്.
1964 ഒക്ടോബർ 20ന് ഡോണൾഡ്.ജെ.ഹാരിസിന്റെയും ശ്യാമള ഗോപാലന്റെയും മകളായി അമേരിക്കയിലെ ഒക് ലന്റിലാണ് കമലാദേവി ഹാരിസ് എന്ന കമലാ ഹാരിസിന്റെ ജനനം. കമലയുടെ അമ്മ ശ്യാമള ഗോപാലൻ ജനിച്ചത് അവിഭക്ത ഇന്ത്യയിലെ മദ്രാസ് പ്രെസിഡെൻസിയിൽ ആയിരുന്നു. ബ്രിട്ടീഷ് സർവീസിൽ ഉന്നതോദ്യോഗസ്ഥനായിരുന്ന പിവി ഗോപാലനും രാജത്തിനും ജനിച്ച നാല് മക്കളിൽ ഒരാളായിരുന്നു ശ്യാമള. അമേരിക്കയിലെ ബെർക്ക്‌ലി കോളേജിൽ പഠിക്കാനെത്തിയ ശ്യാമള അവിടെവെച്ചാണ് ജമൈക്കക്കാരനായ ഡോണൾഡ് ഹാരിസിനെ പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. 2014ൽ അമ്പതാമത്തെ വയസിലാണ് അഭിഭാഷകനായ ഡഗ്ലസ് എംഹോഫിനെ കമലാ ഹാരിസ് വിവാഹം കഴിക്കുന്നത്.
മികച്ച വാഗ്മിയായ കമലാ ഹാരിസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് മുന്നേറുകയാണ്. പലപ്പോഴും കടുത്ത പ്രതിരോധത്തിലായ ട്രംപ് കമലാ ഹാരിസിനെതിരെ പൊട്ടിത്തെറിക്കുന്നത് സ്ഥിരം കാഴ്ചയാണ്. കമല ഭ്രാന്ത് പുലമ്പുകയാണെന്നും അവർ തീവ്ര കമ്യൂണിസ്റ്റുകാരിയാണെന്നുമെല്ലാമാണ് ട്രംപിന്റെ ആരോപണങ്ങൾ. അതേസമയം, കൊവിഡിനെ പ്രതിരോധിക്കുന്നതിലെ ട്രംപിന്റെ വീഴ്ചയും വംശീയ വിദ്വേഷവുമെല്ലാം ഉയർത്തി കമല മുന്നേറ്റം തുടരുകയാണ്.
Story Highlights – kamala haris vice president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here