ആർസിബി പൊരുതി; ഹൈദരാബാദ് ജയിച്ചു: അടുത്ത സാല കപ്പ് നംദെ

അല്ലെങ്കിലും നാലു മത്സരങ്ങൾ തുടർച്ചയായി പൊട്ടിയ ടീമിന് ക്വാളിഫയർ യോഗ്യതയില്ലെന്നൊക്കെ പറയാമെങ്കിലും 132 എന്ന ലോ സ്കോറിൽ നിന്ന് ആർസിബി ഒരു ഗെയിം ഉണ്ടാക്കിയെടുത്തു. അവസാന ഓവർ വരെ കളിക്കേണ്ടി വേണ്ടി വന്നു ഹൈദരാബാദിന് ആ ടോട്ടൽ ചേസ് ചെയ്യാൻ. അതുകൊണ്ട് തന്നെ ഇന്നത്തെ കളിയിൽ ആർസിക്ക് ഒരു കയ്യടി കൊടുക്കണം.
നിർണായക മത്സരത്തിൽ ആർസിബി വരുത്തിയ മാറ്റങ്ങൾ എല്ലാം ക്ലിക്കായി. ഫിഞ്ച് സ്കോർ ചെയ്തു, സാമ്പ വിക്കറ്റിട്ടു, മൊയീൻ നന്നായി പന്തെറിഞ്ഞു. സെയ്നിയും തരക്കേടില്ലാതെ കളിച്ചു. പക്ഷേ, തെറ്റില്ലാതെ കളിച്ചു കൊണ്ടിരുന്ന ജോഷുവ ഫിലിപ്പെ ഓപ്പണിംഗിൽ ഉണ്ടായിരുനു എങ്കിൽ ആർസിബി അകല്പം കൂടി ഭേദപ്പെട്ട സ്കോർ ഉയർത്തിയേനെ എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. കോലി ഓപ്പണർ എന്ന നിലയിൽ ഐപിഎലിൽ ഗംഭീര പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഫിലിപ്പെ ഫ്രീ ആയി സ്കോർ ചെയ്യുമ്പോൾ പവർ പ്ലേയിൽ റൺസ് വന്നേനെ. കോലി ഓപ്പൺ ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടപ്പോൾ തന്നെ ബാംഗ്ലൂർ സമ്മർദ്ദത്തിലായി. ഒരു യൂഷുവൽ ആർസിബി ഷോ ആയിരുന്നു പിന്നീട് പേപ്പറിൽ. എബിയുടെ രക്ഷാപ്രവർത്തനം. അയാളെ ചുറ്റിപ്പറ്റി മറ്റുള്ളവർ പുറത്താവുന്ന കാഴ്ച. 18ആം ഓവറിൽ നടരാജൻ എബിയെ പുറത്താക്കിയ ആ ഇഞ്ച് പെർഫക്ട് യോർക്കർ ആണ് ഇന്നിംഗ്സിൽ നിർണായകമായത്. അതില്ലായിരുന്നു എങ്കിൽ ഹൈദരാബാദ് ഒരു 20-30 റൺസുകൾ അധികം കൂടി ചേസ് ചെയ്യേണ്ടി വന്നേനെ.
Read Also : ഇഞ്ചോടിഞ്ച്; വില്ല്യംസണിന്റെ ഫിഫ്റ്റി മികവിൽ ഹൈദരാബാദിന് ആവേശ ജയം
സാഹയ്ക്ക് പരുക്കേറ്റതു കൊണ്ട് മാത്രം ടീമിലെത്തിയ ഗോസ്വാമിയുടെ വിക്കറ്റ് അത്ഭുതമായിരുന്നില്ല. പാണ്ഡെയും വാർണറും കത്തിക്കയറിയപ്പോൾ 15 ഓവറുകളിൽ ഈ കളി തീരുമെന്ന് ഞാൻ കരുതി. എന്നാൽ, വാർണറുടെ വിക്കറ്റ് വഴിത്തിരിവായി. പാണ്ഡെയുടെ വിക്കറ്റ് കളി ബലാബലം ആക്കി. പക്ഷേ, കെയിൻ വില്ല്യംസൺ ഒരു വശത്ത് നിൽക്കുമ്പോൾ ഹൈദരാബാദ് എങ്ങനെ പരാജയപ്പെടും. അളന്നുമുറിച്ച ഷോട്ടുകൾ. കാൽക്കുലേറ്റഡ് ബൗണ്ടറികൾ. വില്ല്യംസൺ അൺലീഷ്ഡ്. അയാൾ ക്രീസിൽ നിൽക്കുമ്പോൾ വന്യത കാണില്ല, ആഡ് ബോർഡിൽ ശക്തിയിൽ ഇടിച്ച് തിരികെ എത്തുന്ന പന്തുകൾ അപൂർവമായിരിക്കും. പക്ഷേ, കളി അവസാനിക്കുമ്പോൾ അയാളുടെ പേരിനു നേർക്ക് മികച്ച സ്കോർ ഉണ്ടാവും. പന്തിനെ നോവിക്കാതെ അതിർത്തി കടത്തുന്ന ഒരുതരം കളിക്കാരൻ. ജേസൻ ഹോൾഡർ എന്ന പകരക്കാരൻ ഹൈദരാബാദ് ടീമിനു നൽകുന്ന ബാലൻസ് ആണ് മറ്റൊന്ന്. ബൗൾ ചെയ്യുമ്പോൾ വിക്കറ്റ്, ബാറ്റ് ചെയ്താൽ റൺസ്. പകരക്കാരനായി വന്നവൻ ഇപ്പോൾ ടീമിൻ്റെ നെടുന്തൂണാണ്. അറ്റ് ദി എൻഡ് ഓഫ് ദ് ഡേ, ഹൈദരാബാദ് ബാംഗ്ലൂരിനെതിരെ വിജയിക്കുകയും ക്വാളിഫയർ രണ്ടിലേക്ക് ടിക്കറ്റെടുക്കുകയും ചെയ്യുന്നു. മറുവശത്ത് 13 വർഷമായി കേൾക്കുന്ന ആ മുദ്രാവാക്യം വീണ്ടും മുഴങ്ങുന്നു. ‘ഈ സാല കപ്പ് നംദെ.’ (ഇത് അടുത്ത വർഷത്തേക്കുള്ള മുദ്രാവാക്യമാണ്.
Story Highlights – sunrisers hyderabad vs royal challengers bangalore analysis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here