റൺമല കടക്കാനാകാതെ കൊൽക്കത്ത; ഹൈദരാബാദിന് 110 റണ്‍സ് ജയം

ഐപിഎല്ലിൽ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ സൺറൈസേഴ്സിന് 110 റൺസിന്റെ ആധികാരിക ജയം. 279 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 168 റൺസിന് ഓൾ ഔട്ടായി. 37 റൺസ് നേടിയ മനീഷ് പാണ്ഡെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറര്‍.
ഓപ്പണർമാരായ സുനിൽ നരെയ്ൻ – ക്വിന്റൺ ഡി കോക്ക് സഖ്യം 37 റൺസ് കൂട്ടിച്ചേർത്തെങ്കിലും തുടർച്ചയായി വിക്കറ്റുകൾ വീണത് ടീമിനെ അമിത സമ്മർദ്ദത്തിലാഴ്ത്തി. 31 റൺസ് നേടിയ നരെയ്നെ ഉനദ്കട്ട് ക്ലീൻബൗൾ ചെയ്തതോടെ പതനം തുടങ്ങി. അജിങ്ക്യ രഹാനെ (15) ഉൾപ്പെടെ മധ്യനിരയും തകർന്നുവീണു.
ഹര്‍ഷ് ദുബെ റിങ്കുവിനെയും റസലിനെയും പുറത്താക്കി. രമൺദീപ് സിംഗിനും രഘുവൻഷിക്കും പ്രതീക്ഷ നൽകാനായില്ല. അവസാന നിമിഷങ്ങളിൽ മനീഷ് പാണ്ഡെ-നിതീഷ് റാണ സഖ്യം 50 റൺസ് കൂട്ടിച്ചേർത്തെങ്കിലും കാര്യമുണ്ടായില്ല. 23 പന്തിൽ 37 റൺസ് നേടിയ മനീഷ് പാണ്ഡെ പുറത്തായതോടെ പ്രതീക്ഷകള്‍ മങ്ങി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത എസ്ആര്‍എച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ 279 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് ഉയര്‍ത്തിയത്. ഹെന്റിച്ച് ക്ലാസന്റെ അതിവേഗ സെഞ്ചുറിയും ട്രാവിസ് ഹെഡിന്റെ അര്‍ധ സെഞ്ചുറിയുമാണ് ഹൈദരാബാദിനെ വന്‍ സ്‌കോറിലെത്തിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഒരു ടീമിന്റെ മൂന്നാമത്തെ ഏറ്റവും വലിയ ടോട്ടലാണിത്. ആദ്യ രണ്ട് ടോട്ടലുകളും ഹൈദരാബാദിന്റെ പേരില്‍ത്തന്നെ. ഇതോടെ ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന ആദ്യ മൂന്ന് സ്‌കോറുകളും തങ്ങളുടെ പേരിലാണ് എന്ന ചരിത്രം തുന്നിച്ചേര്‍ത്ത് ടീം ഈ സീസണ്‍ അവസാനിപ്പിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ എസ്ആര്‍എച്ചിന്റെയും കൊല്‍ക്കത്തയുടെയും അവസാന മത്സരമാണ് ഇന്നത്തേത്.
Story Highlights : Sunrisers Hyderabad beat Kolkata Knight Riders by 110 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here