ബംഗ്ലാദേശ് വെറ്ററൻ താരം മഹ്മൂദുല്ലയ്ക്ക് കൊവിഡ്

ബംഗ്ലാദേശിൻ്റെ വെറ്ററൻ ക്രിക്കറ്റ് താരം മഹ്മൂദുല്ലയ്ക്ക് കൊവിഡ്. നവംബർ ആറിനു നടത്തിയ പരിശോധനയിലാണ് ബംഗ്ലാദേശിൻ്റെ ടി-20 നായകനായ മഹ്മൂദുല്ലയ്ക്ക് കൊവിഡ് പോസിറ്റീവായത്. കൊവിഡ് സ്ഥിരീകരിച്ചതോടെ പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കാനൊരുങ്ങിയിരുന്ന താരത്തിന് മത്സരങ്ങൾ നഷ്ടമാവും. പിഎസ്എലിൻ്റെ പ്ലേ ഓഫ് മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്. കൊവിഡ് ബാധയ്ക്ക് മുൻപ് ലീഗ് മത്സരങ്ങൾ നടന്നിരുന്നു. കറാച്ചിയിൽ നവംബർ 14, 15, 17 തീയതികളാണ് സെമി, ഫൈനൽ മത്സരങ്ങൾ നടക്കുക.
“നവംബർ ആറിനു നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവായത് എന്നെ അതിശയിപ്പിച്ചു. എനിക്ക് പനിയോ മറ്റ് ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. ചെറിയ ജലദോഷം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. രണ്ട് തവണ ടെസ്റ്റ് ചെയ്തപ്പോഴും എനിക്ക് പോസ്റ്റീവായിരുന്നു. ഞാനിപ്പോൾ വീട്ടിൽ ഒരു പ്രത്യേക മുറിയിലാണ്. ഭാര്യയെയും മക്കളെയും പറ്റി ആലോചിക്കുമ്പോൾ എനിക്ക് ചെറിയ ഭയമുണ്ട്.”- മഹ്മൂദുല്ല പറഞ്ഞതായി ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ പറഞ്ഞു.
ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലിക്ക് പകരക്കാരനായാണ് പിഎസ്എൽ ഫ്രാഞ്ചൈസിയായ മുൾട്ടാൻ സുൽത്താൻസ് മഹ്മൂദുല്ലയെ ടീമിൽ എത്തിച്ചത്. തിങ്കളാഴ്ച ലീഗിനു വേണ്ടി പുറപ്പെടുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിൽ താരം കൊവിഡ് ബാധിതനാണെന്ന് കണ്ടെത്തുകയായിരുന്നു.
Story Highlights – Bangladesh’s Mahmudullah Tests Positive For Coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here