ശബരിമലയിൽ തീർത്ഥാടകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശം പുറത്തിറക്കി

ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശം പുറത്തിറക്കി. കൊവിഡ് ഭേദമായവർ ശാരീരിക ക്ഷമത പരിശോധന നടത്തണം. ദർശനത്തിനെത്തുന്നവർക്കൊപ്പം വരുന്ന സഹായികൾക്കും നിർദ്ദേശങ്ങൾ ബാധകമാണെന്ന് ആരോഗ്യ സെക്രട്ടറിയുടെ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാനിരിക്കെയാണ്ശബരിമല തീർത്ഥാടനത്തിനായുള്ള മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ്
പുറത്തിറക്കിയത്.ദർശനത്തിന് എത്തുന്ന എല്ലാ തീർഥാടകരും കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം. നിലയ്ക്കൽ എത്തുന്നതിന് 24 മണിക്കൂർ മുൻപ് എടുത്തതായിരിക്കണം ഈ സർട്ടിഫിക്കറ്റ്. അല്ലാത്തവ പരിഗണിക്കില്ല.

ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാലും കൊവിഡ് മുൻകരുതലുകൾ പാലിക്കണം.ശബരിമലയിൽ എത്തിയാൽ 30 മിനിറ്റ് ഇടവിട്ടെങ്കിലും ഭക്തർ കൈകൾ വൃത്തിയാക്കണം. മല കയറുമ്പോഴും ദർശനത്തിനു നിൽക്കുമ്പോഴും രണ്ട് അടി അകലം പാലിക്കണം. മാസ്‌ക്ക് നിർബന്ധം.

കൊവിഡ് മുക്തരാണെങ്കിൽ ശാരീരിക ക്ഷമത പരിശോധന നടത്തി ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രം മല കയറാൻ പാടുള്ളു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവർ തീർത്ഥാടനത്തിൽ നിന്ന് മാറി നിൽക്കണം. ദർശനത്തിനെത്തുന്നവർ കൂട്ടം കൂടാൻ സാധ്യതയുള്ള നിലയ്ക്കലിലും പമ്പയിലും ആളുകൾ കൂടുന്നത് ഒഴിവാക്കണം. തീർത്ഥാടകർക്ക് ഒപ്പം വരുന്ന ഡ്രൈവർമാർക്കും മറ്റ് സഹായികൾക്കും ഈ മാർഗ നിർദേശങ്ങൾ ബാധകമാണെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Story Highlights covid Negative Certificate Mandatory for Pilgrims at Sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top