‘കാമുകനെ കെട്ടിച്ചു തന്നില്ലെങ്കിൽ ചാടിച്ചാവും’; ഹോർഡിങ്ങിനു മുകളിൽ കയറി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ഭീഷണി

കാമുകനെ വിവാഹം കഴിപ്പിച്ചു നൽകണം എന്നാവശ്യപ്പെട്ട് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ആത്മഹത്യാ ഭീഷണി. കൂറ്റൻ പരസ്യ ബോർഡിനു മുകളിൽ കയറിയിരുന്നു അവിടെ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നായിരുന്നു പെൺകുട്ടിയുടെ ഭീഷണി. പൊലീസും നാട്ടുകാരും കിണഞ്ഞ് ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്ന പെൺകുട്ടി ഒടുവിൽ കാമുകൻ എത്തിയതിനു ശേഷമാണ് താഴെ ഇറങ്ങിയത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മധ്യപ്രദേശിലെ ഇൻഡോർ പർദേശിപുരയിലെ ബന്ധേരി പാലത്തിന് സമീപത്താണ് സംഭവം നടന്നത്. പ്രണയബന്ധത്തെ പെൺകുട്ടിയുടെ അമ്മ എതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടി ഈ സാഹസത്തിനു മുതിർന്നത്. വഴിയരികിലൂടെ നടന്നു പോകുന്ന ഒരാളാണ് ഹോർഡിങ്ങിനു മുകളിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ടത്. ഇതോടെ അവിടെ ആളുകൾ തടിച്ചു കൂടി. അമ്മ കാമുകനുമായുള്ള വിവാഹത്തിന് സമ്മതിക്കുന്നില്ലെനും മറ്റ് ആലോചനകൾ തുടങ്ങിയെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. അമ്മയും പൊലീസും അടക്കമുള്ളവർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി വഴങ്ങിയില്ല. ഒടുവിൽ പൊലീസ് തന്നെ കാമുകനെ കൊണ്ടുവരികയും കാമുകൻ പെൺകുട്ടിയെ താഴെയിറക്കുകയുമായിരുന്നു.
Story Highlights – Minor girl climbs atop hoarding in Indore to marry boy against mother’s wish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here