വ്യക്തിഗത സ്കോർ 86ൽ നിൽക്കെ ക്യാപ്റ്റൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു; ദേഷ്യത്തിൽ ബാറ്റ് വലിച്ചെറിഞ്ഞ് മിച്ചൽ സ്റ്റാർക്ക്: വിഡിയോ

തൻ്റെ വ്യക്തിഗത സ്കോർ 86ൽ നിൽക്കെ ക്യാപ്റ്റൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതിനെ തുടർന്ന് ദേഷ്യത്തിൽ ബാറ്റ് വലിച്ചെറിഞ്ഞ് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഓസ്ട്രേലിയയിലെ ടോപ്പ് ഫസ്റ്റ് ക്ലാസ് ലീഗായ ഷെഫീൽഡ് ഷീൽഡിലെ മത്സരത്തിനിടെയായിരുന്നു സംഭവം. ദേഷ്യത്തിൽ ബാറ്റ് വലിച്ചെറിയുന്ന സ്റ്റാർക്കിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ടാസ്മാനിയ-ന്യൂസൗത്ത് വെയിൽസ് മത്സരത്തിൻ്റെ മൂന്നാം ദിവസത്തിലായിരുന്നു സംഭവം. ന്യൂസൗത്ത് വെയിൽസിൻ്റെ രണ്ടാം ഇന്നിംഗ്സിൽ മിച്ചൽ സ്റ്റാർക്കും സീൻ അബ്ബോട്ടും ബാറ്റ് ചെയ്യുകയായിരുന്നു. അബ്ബോട്ട് സെഞ്ചുറി തികച്ചതിനു പിന്നാലെ ന്യൂസൗത്ത് വെയിൽസ് നായകൻ പീറ്റർ നെവിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചു. ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് തിരികെ ഡ്രസിംഗ് റൂമിലേക്ക് കയറുന്നതിനു മുൻപാണ് സ്റ്റാർക്ക് തൻ്റെ ബാറ്റ് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ചത്. മത്സരത്തിൽ മോയിസസ് ഹെൻറിക്വസിൻ്റെയും നിക്ക് ലാർക്കിൻ്റെയും അബ്ബോട്ടിൻ്റെയും സെഞ്ചുറി മികവിൽ നൂസൗത്ത് വെയിൽ 6 വിക്കറ്റ് നഷ്ടത്തിൽ 522 റൺസ് നേടിയിരുന്നു. ഏഴാം വിക്കറ്റിൽ അബ്ബോട്ട്-സ്റ്റാർക്ക് സഖ്യം 189 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടും ഉയർത്തിയിരുന്നു.
103 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ പാഡണിഞ്ഞിട്ടുള്ള സ്റ്റാർക്ക് ഒരു സെഞ്ചുറി പോലും ഇതുവരെ നേടിയിട്ടില്ല. 2013ൽ ഇന്ത്യക്കെതിരെ മോഹാലിയിൽ നേടിയ 99 റൺസാണ് ടെസ്റ്റ് മത്സരങ്ങളിൽ താരത്തിൻ്റെ ഉയർന്ന സ്കോർ.
Story Highlights – Mitchell Starc’s Angry Reaction As Team Declares With Him Batting On 86
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here