കൊവിഡ് ; സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍

Special covid guidelines submitting nomination papers

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രികാ ഇന്നു മുതല്‍ സമര്‍പ്പിക്കാം. കൊവിഡ് പശ്ചാത്തലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. ഈ മാസം 19 വരെ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. ഇരുപതിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍

1) നാമനിര്‍ദ്ദേശ പത്രികയും, 2 എ ഫോമും കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. നാമനിര്‍ദേശ പത്രികയും 2 എ ഫോമും പൂരിപ്പിച്ച് .നവംബര്‍ 19 നകം വരണാധികാരിക്ക് സമര്‍പ്പിക്കണം.

2) നാമനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ സൗകര്യപ്രദമായ ഹാള്‍ തയാറാക്കും. ഒരു സമയം ഒരു സ്ഥാനാര്‍ത്ഥിയുടെ ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം.

3) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് സ്ഥാനാര്‍ത്ഥിയോ നിര്‍ദേശകനോ ഉള്‍പ്പെടെ മൂന്ന് പേരില്‍ കൂടരുത്.

4) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ ഹാളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം.

5) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക്ക്, സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.

6) ഒരു സമയം ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിക്കുന്നതിന് വരുന്ന പക്ഷം മറ്റുള്ളവര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് വിശ്രമിക്കുന്നതിന് പ്രത്യേകം ഹാള്‍ ഒരുക്കണം.

7) വരണാധികാരി/ ഉപവരണാധികാരി പത്രിക സ്വീകരിക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക്ക്, കൈയ്യുറ, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിക്കണം.

8) ഓരോ സ്ഥാനാര്‍ത്ഥിയുടെയും നാമനിര്‍ദേശ പത്രിക സ്വീകരിച്ചതിന് ശേഷം വരണാധികാരി/ ഉപവരണാധികാരി സാനിറ്റൈസര്‍ ഉപയോഗിക്കണം.

9) സെക്യൂരിറ്റി നിക്ഷേപം ട്രഷറിയിലോ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ഒടുക്കിയതിന്റെ ചലാന്‍/ രസീത് ഹാജരാക്കാം.

10) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ഒരു വാഹനം മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥിക്കൊപ്പം ആള്‍ക്കൂട്ടമോ, ജാഥയോ വാഹന വ്യൂഹമോ പാടില്ല.

11) കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവരോ ക്വാറന്റീനിലുള്ളവരോ മുന്‍കൂട്ടി അറിയിച്ചു വേണം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഹാജരാകേണ്ടത്.

12) സ്ഥാനാര്‍ത്ഥി കൊവിഡ് പോസിറ്റീവാണെങ്കിലോ ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം ക്വാറന്റീനിലാണെങ്കിലോ നാമനിര്‍ദേശ പത്രിക നിര്‍ദേശകന്‍ മുഖേന സമര്‍പ്പിക്കേണ്ടതും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുന്‍പാകെ സ്ഥാനാര്‍ത്ഥിക്ക് സത്യപ്രതിജ്ഞ ചെയ്ത് ഒപ്പ് രേഖപ്പെടുത്താവുന്നതും, സത്യ പ്രതിജ്ഞ വരണാധികാരി മുന്‍പാകെ ഹാജരാക്കേണ്ടതുമാണ്.

13) നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ നിയമപരമായ എല്ലാ വ്യവസ്ഥകളും നിര്‍ബന്ധമായും പാലിക്കണം.

Story Highlights Special covid guidelines submitting nomination papers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top