മുന്നാക്ക സംവരണം; സര്‍ക്കാര്‍ പിന്മാറണമെന്ന ആവശ്യവുമായി സമസ്ത; പത്ത് ലക്ഷം ഒപ്പ് ശേഖരിച്ചു

മുന്നാക്ക സംവരണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സമസ്ത സംവരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ 10 ലക്ഷം ഒപ്പുകള്‍ ശേഖരിച്ചു. ജുമുഅ നിസ്‌ക്കാരത്തിന് ശേഷം പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു ഒപ്പ് ശേഖരണം. ഒപ്പുകള്‍ ക്രോഡീകരിച്ച് സംരക്ഷണ സമിതി അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.
മുന്നോക്ക സംവരണ വിഷയത്തില്‍ സമസ്ത നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് 10 ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് മുഖ്യമന്ത്രിക്ക് കൈമാറുന്നത്. പ്രത്യേക കൗണ്ടറുകളിട്ട് പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു ഒപ്പു ശേഖരണം. നിലവിലുള്ള സംവരണം അട്ടിമറിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന ലഘുലേഖകളും വിശ്വാസികള്‍ക്ക് വിതരണം ചെയ്തു. പാണക്കാട് ജുമാ മസ്ജിദില്‍ സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
മുഴുവന്‍ ജില്ലകളിലേയും ഒപ്പുകള്‍ ശേഖരിച്ച് 18ാം തിയതിക്ക് ശേഷം മുഖ്യമന്ത്രിക്ക് നല്‍കും. സര്‍ക്കാര്‍ പിന്നോട്ട് പോയില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here