പരുക്ക്; നെയ്മർ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കില്ല

പരുക്കേറ്റ സൂപ്പർ താരം നെയ്മർ ബ്രസീലിൻ്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കില്ല. നാളെ വെനിസ്വേലക്കെതിരെയും അടുത്തയാഴ്ച കരുത്തരായ ഉറുഗ്വെക്കെതിരെയും നടക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ നിന്നാണ് താരത്തെ ഒഴിവാക്കിയത്. പിഎസ്ജിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കുന്നതിനിടെയാണ് നെയ്മറിനു പരുക്കേറ്റത്.
നാളെ വെനിസ്വേലക്കെതിരെ നടക്കുന്ന മത്സരത്തിൽ നെയ്മർ കളിക്കില്ലെന്ന് നേരത്തെ ഉറപ്പായിരുന്നു. ഇതിനു പിന്നാലെയാണ് 18ആം തിയതി ഉറുഗ്വെക്കെതിരായ മത്സരത്തിൽ നിന്നും താരത്തെ പുറത്താക്കിയത്. വിവരം ബ്രസീൽ സോക്കർ കോൺഫെഡറേഷൻ സ്ഥിരീകരിച്ചു.
അതേസമയം, ഫ്ലമിങോ സ്ട്രൈക്കർ പെഡ്രോയെ പകരം ഉൾപ്പെടുത്തിയെങ്കിലും ബ്രസീൽ സ്ക്വാഡിൽ നിന്ന് നെയ്മറെ ഒഴിവാക്കിയിട്ടില്ല.
നെയ്മറെക്കൂടാതെ ആകെ അഞ്ച് താരങ്ങളെയാണ് ബ്രസീലിന് നഷ്ടമായത്. കുട്ടീഞ്ഞോ, ഫബീഞ്ഞോ, റോഡ്രിഗോ എന്നിവർ പരുക്ക് പറ്റിയും എഡെർ മിലിറ്റാവോ ഗബ്രിയേൽ മെനിനോ എന്നിവർ കൊവിഡ് ബാധിച്ചും ടീമിനു പുറത്തായിരുന്നു.
നിലവിൽ രണ്ടു കളികളിൽ നിന്നും ആറുപോയന്റുകളുമായി പോയന്റ് പട്ടികയിൽ രണ്ടാമതാണ് ബ്രസീൽ. മൂന്നു മത്സരങ്ങളിൽ നിന്നും ഏഴുപോയന്റുള്ള അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്.
Story Highlights – Injured Neymar ruled out of Brazil’s World Cup qualifiers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here