ജീവന്റെ വിലയുണ്ട് പ്രതീഷിന്റെ ഈ അലമാരകള്‍ക്ക്

പ്രതീഷ് ഉണ്ടാക്കുന്ന അലമാരകള്‍ക്ക് ജീവന്റെ വിലയുണ്ട്. കിഡ്‌നി രോഗം കൈകളെ പോലും തളര്‍ത്തുന്നുണ്ടെങ്കിലും വിശ്രമിക്കാന്‍ പ്രതീഷിനാവില്ല. ഈ അലമാരകള്‍ വിറ്റ് കിട്ടുന്ന തുകയാണ് ഇന്ന് ഡയാലിസിസ് ഉള്‍പ്പെടെയുള്ള പ്രതീഷിന്റെ ജീവിത ചെലവുകള്‍ക്ക് ആശ്വാസമേകുന്നത്. കിഡ്‌നി രോഗത്തെ തുടര്‍ന്ന് രണ്ട് തവണ വൃക്കമാറ്റി വെച്ചിട്ടും അസുഖം ഭേദമാകാതെ വന്നതോടെ ചികിത്സക്ക് പണം കണ്ടെത്താന്‍ പുതിയ മാര്‍ഗം തേടുകയായിരുന്നു തൃശൂര്‍ അഞ്ചേരി സ്വദേശി പ്രതീഷ്.
ഡയാലിസിസിന് പണം കണ്ടെത്താന്‍ പുസ്തക സ്റ്റാന്റുകള്‍ നിര്‍മിച്ച് വില്‍ക്കുകയാണ് പ്രതീഷിപ്പോള്‍. രോഗം ശരീരത്തെ തളര്‍ത്തുമ്പോഴും ആത്മ വിശ്വാസത്തോടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന ഈ യുവാവ് ഒരു മാതൃകയാണ്. ഒരായുസിന്റെ കഥ പറയാനുണ്ട് ഈ പുസ്തക സ്റ്റാന്റുകള്‍ക്ക്.
വൃക്ക രോഗം പിടികൂടിയ ശേഷം വായനയാണ് പ്രതീഷിന് ആശ്വാസമേകിയത്. വായനയോടുള്ള ഈ ആവേശമാണ് വരുമാനത്തിനുള്ള പുസ്തക സ്റ്റാന്‍ഡുകള്‍ നിര്‍മിക്കുന്നതിലേക്ക് നയിച്ചതും. ആഭരണ നിര്‍മാണ തൊഴിലാളിയായിരുന്ന പ്രതീഷിന് 17 വര്‍ഷം മുന്‍പാണ് വൃക്ക രോഗം പിടികൂടിയത്. ആദ്യതവണ അച്ഛനാണ് പ്രതീഷിന് വൃക്ക നല്‍കിയത്. പക്ഷെ നാല് വര്‍ഷത്തിന് ശേഷം വീണ്ടും വൃക്ക മാറ്റി വയ്ക്കണ്ടി വന്നു. അമ്മയുടെ വൃക്കയാണ് രണ്ടാം തവണ പ്രതീഷിന് തുണയായത്. ആറു വര്‍ഷത്തിന് ശേഷം വീണ്ടും ഡയാലിസിലേക്ക്. രണ്ട് വര്‍ഷമായി ഇപ്പോള്‍ ഡയാലിസിസിലാണ് ജീവിതം മുന്നോട്ട് പോകുന്നത്. നിലവില്‍ ക്രിയാറ്റിന്‍ കൂടിയതോടെ ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്. വീണ്ടും വൃക്ക മാറ്റി വയ്‌ക്കേണ്ടിവരും.
അനിയന്റെ വരുമാനവും സുഹൃത്തുക്കളുടെ സഹായവുമൊക്കെയായാണ് ചികിത്സയും ദൈനംദിന ആവശ്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്. സുഹൃത്തുക്കളുടെ സഹയാത്തോടെയാണ് അലമാര നിര്‍മാണം ആരംഭിച്ചത്. നിലവില്‍ നിരവധി ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ദൂരെ ഉള്ളവര്‍ക്ക് എങ്ങനെ എത്തിച്ചു നല്‍കുമെന്നുള്ളത് വെല്ലുവിളിയാണ്. 1800 രൂപയ്ക്കാണ് എംഡിഎഫ് ബോര്‍ഡുകളുപയോഗിച്ച് നിര്‍മിക്കുന്ന സ്റ്റാന്‍ഡുകള്‍ പ്രതീഷ് വില്‍ക്കുന്നത്.
Story Highlights – Book stands made by Pratheesh, a kidney patient
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here