“എല്ലാ പ്രശ്നങ്ങളുടെയും കാരണമായി ഞാൻ തളർന്നു”; ഗ്രീസ്മാന്റെ പരാജയത്തിനു കാരണം താനെന്ന ആരോപണത്തിൽ പ്രതികരിച്ച് മെസി

ഫ്രഞ്ച് താരം അൻ്റോയിൻ ഗ്രീസ്മാന്റെ പരാജയത്തിനു കാരണം മെസിയെന്ന ആരോപണത്തിൽ പൊട്ടിത്തെറിച്ച് സൂപ്പർ താരം. എല്ലാവരുടെയും പ്രശ്‌നമായി താൻ തളർന്നു എന്നാണ് ബാഴ്സലോണ താരം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അർജന്റീനയ്ക്കായുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കഴിഞ്ഞ് ബാഴ്‌സയിലേക്ക് തിരികെ എത്തിയപ്പോഴായിരുന്നു മെസിയുടെ പ്രതികരണം. തന്നെ കാത്ത് വിമാനത്താവളത്തിൽ ടാക്സ് ഏജൻ്റ് നിന്നതും മെസിയെ ചൊടിപ്പിച്ചു.
ഫ്രഞ്ച് താരം അൻ്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണയിൽ വിജയിക്കാത്തതിനു കാരണം മെസിയാണെന്ന് ഗ്രീസ്മാൻ്റെ ബന്ധുവും, മുൻ ഏജൻ്റും രംഗത്തെത്തിയിരുന്നു. മെസിക്ക് ക്ലബിൽ വലിയ സ്വാധീനം ഉണ്ടെന്നും ഗ്രീസ്മാനെ ക്ലബിൽ സ്വീകരിക്കുന്ന കാര്യത്തിൽ മെസി പരാജയപ്പെട്ടു എന്നുമായിരുന്നു വിമർശനം. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മെസിയുടെ പ്രസ്താവന.
Read Also : ബാഴ്സ വിടാനുറച്ച് മെസി; പകരം നെയ്മർ എത്തുമെന്ന് സൂചന
“ക്ലബിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളുടെയും കാരണമായി ഞാൻ തളർന്നു. 15 മണിക്കൂർ യാത്ര ചെയ്താണ് ഞാൻ ഇവിടെ എത്തിയത്. ഇവിടെ എത്തിയപ്പോൾ ഒരു ടാക്‌സ് ഏജൻ്റ് എന്നെ കാത്തുനിൽക്കുന്നു. വിചിത്രമായ കാര്യങ്ങളാണ് ഇത്.”- മെസി പറഞ്ഞു.
അതേസമയം, ഈ സീസൺ അവസാനിക്കുമ്പോൾ മെസി ബാഴ്സലോണ വിടുമെന്നാണ് സൂചന. പ്രസിഡൻ്റ് ബാർതോമ്യു രാജിവെച്ചെങ്കിലും ബാഴ്സലോണ വിടാനുള്ള താരത്തിൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്സ വിട്ട് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് മെസി കൂടുമാറുക എന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Story Highlights – Messi says I’m tired of being blamed for everything at Barcelona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here