എം.ജി രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി

എറണാകുളം മുൻ കളക്ടർ എം. ജി രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. കൊച്ചി മെട്രോയ്ക്കായുള്ള ഭൂമി ഏറ്റെടുപ്പിൽ ക്രമവിരുദ്ധമായി ഇടപെട്ടെന്ന കേസിലാണ് നടപടി. കരാർ വ്യവസ്ഥകളിൽ ഇളവനുവദിച്ചതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.
കൊച്ചി മെട്രൊയ്ക്കായി ഭൂമിയേറ്റെടുക്കുന്നതിന്റെ ചുമതല വഹിച്ചിരുന്ന എം. ജി രാജമാണിക്യം അനധികൃത ഇടപെടൽ നടത്തിയെന്നാണ് ആരോപണം. സ്വകാര്യ സ്ഥാപനത്തിന് മാത്രമായി കരാർ വ്യവസ്ഥകളിൽ ഇളവ് അനുമതിച്ചതിൽ അഴിമതിയുണ്ടെന്ന് കാട്ടി കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്. സ്ഥലം വിട്ടുനൽകിയ മറ്റ് ഭൂഉടമകൾക്ക് അനുവദിക്കാത്ത ഇളവുകൾ ഉൾപ്പെടുത്തി പ്രത്യേക കരാറുണ്ടാക്കിയതാണ് പരാതിക്ക് ആധാരം. പൊതുവിൽ നിശ്ചയിച്ച വിലയായ സെന്റിന് 52 ലക്ഷം രൂപയ്ക്ക് പകരം 80 ലക്ഷം നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കരാറിൽ ചേർത്തിരുന്നു. പ്രത്യേക കരാർ നിലനിൽക്കുമെന്ന് സർക്കാർ സമ്മതിച്ചാൽ ഭൂമിയുടെ നഷ്ടപരിഹാര ബാധ്യതയിൽ സർക്കാർ നിയമക്കുരുക്കിലാകും. ത്വരിതാന്വേഷണത്തിൽ അഴിമതി കണ്ടെത്തിയില്ലെന്നായിരുന്നു വിജിലൻസ് നിലപാട്. റിപ്പോർട്ട് തളളിയ കോടതി പുനഃപരിശോധന നിർദേശിച്ചു. ഒടുവിലാണ് പ്രോസിക്യൂഷൻ അനുമതി നൽകി സർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സംസ്ഥാന സർക്കാർ നൽകിയ അനുവാദം സംബന്ധിച്ചുള്ള റിപ്പോർട്ട് കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ഫെബ്രുവരി നാലാം തീയതിയിലേക്ക് മാറ്റി.
Story Highlights – M G Rajamanikyam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here