എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തമാസം രണ്ടിലേക്ക് മാറ്റി. സ്വർണക്കളളക്കടത്ത് കേസ് പ്രതികളുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിലാണ് ശിവശങ്കറെ എൻഫോൻഴ്‌സ്‌മെന്റ് കഴിഞ്ഞ മാസം 28 ന് അറസ്റ്റുചെയ്തത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എൻഫോഴ്‌സ്‌മെന്റിനോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
ജസ്റ്റിസ് അശോക് മേനോന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തനിക്കെതിരെ തെളിവുകളില്ലെന്നും സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് ശിവശങ്കറിന്റെ വാദം. തനിക്കെതിരായ എൻഫോഴ്‌സ്‌മെന്റിന്റെ ആരോപണങ്ങൾ കളവാണ്. ആരോപണങ്ങൾ സ്ഥാപിക്കുന്നതിനുള്ള തെളിവുകൾ ഇഡിയുടെ പക്കൽ ഇല്ല. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ താൻ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതിന് തെളിവുണ്ടെന്നാണ് ഇ.ഡി. കോടതിയിൽ അറിയിച്ചിരുന്നത്. എന്നാൽ ആ ഉദ്യോഗസ്ഥൻ ആരാണെന്നോ അദ്ദേഹത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങളോ ഇ.ഡിയുടെ കൈവശം ഇല്ലെന്ന കാര്യം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു തുടങ്ങിയ ആരോപണങ്ങളാണ് ശിവശങ്കർ ജാമ്യഹർജിയിൽ ഉന്നയിക്കുന്നത്.
അതേസമയം, സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതു കൂടിയാണെന്നാണ് എൻഫോഴ്സ്‌മെന്റ്് വാദം. ഹർജി ഡിസംബർ രണ്ടിന് പരിഗണിക്കുമ്പോൾ ശിവശങ്കറിനായി സുപ്രിംകോടതി അഭിഭാഷകൻ ഹാജരാകും. നേരത്തെ ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തളളിയിരുന്നു.
Story Highlights – M Shivashankar, Gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here