ചമ്രവട്ടം പാലം അഴിമതി : പ്രോസിക്യൂഷൻ അനുമതി നൽകാതെ സംസ്ഥാന സർക്കാർ

ചമ്രവട്ടം പാലം അഴിമതിയിൽ പ്രോസിക്യൂഷൻ അനുമതി നൽകാതെ സംസ്ഥാന സർക്കാർ. മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് ഉൾപ്പെടെ ആരോപണവിധേയരായ കേസിലാണ് സർക്കാരിന്റെ മെല്ലെപ്പോക്ക്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഹർജിക്കാരനായ ഗിരീഷ് ബാബു.
ചമ്രവട്ടം റെഗുലേറ്റർ കം ഓവർ ബ്രിഡ്ജ് അഴിമതിക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ 2019 ഒക്ടോബർ 16നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ കോടതി നിർദേശം വന്ന് ഒരുവർഷം പിന്നിടുമ്പോഴും സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടില്ല. ഇതോടെ പരാതിക്കാരൻ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചു.
മലപ്പുറം ജില്ലയിൽ ഭാരതപ്പുഴയുടെ കുറുകെ മേജർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകൾക്ക് ടെൻഡർ ഇല്ലാതെ കരാർ നൽകിയെന്നാണ് പരാതി. ആകെ 35 കോടിയിലധികം അനുവദിച്ച പദ്ധതിയുടെ കരാർ നേടിയത് ഇബ്രാഹിംകുഞ്ഞിന്റെ ബിനാമി കമ്പനിയാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു. മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ് ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരും കരാറുകാരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
Story Highlights – chamravattom over bridge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here