Advertisement

വിട വാങ്ങിയത് രാജീവ് ​ഗാന്ധിയുടെ കാലം മുതൽ കോൺ​​ഗ്രസ് പാർട്ടിയുടെ വിശ്വസ്തത കാത്ത നേതാവ്

November 25, 2020
Google News 1 minute Read
ahmed patel congress trustworthy member

ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നേതാവായിരുന്നു അഹമ്മദ് പട്ടേൽ. ഡോക്ടർ മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ കോൺഗ്രസ് കേന്ദ്രം ഭരിച്ച ഒരു ദശാബ്ദകാലം പാർട്ടിയ്ക്കും സർക്കാരിനുമിടയിലെ പ്രധാന കണ്ണിയായിരുന്നു അഹമ്മദ് പട്ടേൽ.

1980 ൻറെ രണ്ടാം പകുതിയിൽ, സാക്ഷാൽ രാജീവ് ഗാന്ധിയുടെ കൈപിടിച്ചാണ് അഹമ്മദ് പട്ടേൽ എന്ന ഗുജറാത്തുകാരൻ, ഡൽഹി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. അധികം വൈകാതെ ദേശീയ കോൺഗ്രസിൻറെ രാഷ്ടീയ ചാണക്യനായി പട്ടേൽ അറിയപ്പെട്ടു. രാഷ്ട്രീയ ഭേദമന്യേ വിവിധ പാർട്ടി നേതാക്കന്മാരോടും വ്യവസായ പ്രമുഖരോടും അദ്ദേഹം പുലർത്തിയിരുന്ന വ്യക്തി ബന്ധമാണ് പല പ്രതിസന്ധി ഘട്ടങ്ങളിലും കോൺഗ്രസിന് രക്ഷയായത്. രാജീവ് ഗാന്ധിക്ക് ശേഷം സോണിയ ഗാന്ധിയുടെയും വിശ്വസ്തത കാത്ത അഹമ്മദ് പാട്ടേൽ ദീർഘകാലം സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2004ൽ സർവരേയും ഞെട്ടിച്ച്, എ.ബി.വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ മറികടന്ന്, യുപിഎ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് കരുത്തു പകർന്നതും അഹമ്മദ് പട്ടേലിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണ്. അഹമ്മദ് പട്ടേലിനോട് ഇഞ്ചോടിഞ്ച് പോരാടിയാണ് പുതിയ ഇന്ത്യയുടെ രാഷ്ട്രീയ ചാണക്യനായി ആഭ്യന്തരമന്ത്രി അമിത് ഷാ വളർന്നത്. ഏറ്റവുമൊടുക്കം, ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയം അഹമ്മദ് പട്ടേലിനായിരുന്നു. 2018ൽ ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേയ്ക്ക് മത്സരിച്ചപ്പോൾ കോൺഗ്രസ് നിയമസഭാംഗങ്ങളെ മറുകണ്ടം ചാടിച്ചും തോൽപിക്കാൻ അമിത് ഷാ തയ്യാറാക്കിയ തന്ത്രങ്ങളെ മറുതന്ത്രം ഒരുക്കി അഹമ്മദ് പട്ടേൽ ജയിച്ചുകയറിയത് നാളേറെ ദേശീയ മാധ്യമങ്ങളിൽ ചർച്ചയായി.

1949 ഓഗസ്റ്റ് 21ന് ഗുജറാത്തിലെ ബറൂച്ചിൽ മുഹമ്മദ് ഇഷാക്ജി പട്ടേലിന്റെയും ഹവാബെൻ മുഹമ്മദ് ഭായിയുടെയും മകനായാണ് അഹമ്മദ് പട്ടേലിന്റെ ജനനം. ഇരുപത്തെട്ടാമത്തെ വയസിൽ ബറൂച്ചിൽ നിന്ന് തന്നെ ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടു തുടങ്ങിയത്. 12 വർഷത്തോളം ലോക്‌സഭാംഗമായി പ്രവർത്തിച്ച പട്ടേൽ 1993 മുതൽ അഞ്ച് തവണ രാജ്യസഭാംഗവുമായി. അധികാര കസേര പലവട്ടം കൈയകലത്തിൽ എത്തിയിട്ടും പാർട്ടി ഉത്തരവാദിത്വങ്ങളിൽ തുടരാൻ തന്നെയായിരുന്നു അഹമ്മദ് പട്ടേലിൻറെ തീരുമാനം. അഞ്ചു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ എ.ഐ.സി.സി ജോയിൻറ് സെക്രട്ടറി, ജിപിസിസി പ്രസിഡൻറ്, കോൺഗ്രസ് പ്രവർത്തക സമിതി അംഗം, ഏറ്റവും ഒടുക്കം എ ഐ സി സി ട്രഷററായും പ്രവർത്തിച്ചു. 2008ൽ യുപിഎ സർക്കാർ വിശ്വാസവോട്ട് നേടിയപ്പോൾ വോട്ടിന് പണം നൽകിയെന്നതാണ് രാഷ്ട്രീയ ജീവിതത്തിൽ പട്ടേലിനെതിരെ ഉയർന്ന പ്രധാന ആരോപണം. എന്നാൽ ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ഏജൻസികളെല്ലാം അദ്ദേഹത്തിന് ക്ലീൻ ചീറ്റ് നൽകി. മെമൂന പട്ടേൽ ആണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Story Highlights ahmed patel congress trustworthy member

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here