Advertisement

കൊവിഡിനു ശേഷം ടീം ഇന്ത്യ ആദ്യമായി കളത്തിൽ; നാളെ മുതൽ ഓസീസ് പര്യടനത്തിന് ആരംഭം

November 26, 2020
Google News 2 minutes Read
india tour australia tomorrow

കൊവിഡ് ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യമായി കളത്തിലിറങ്ങുന്നു. നാളെ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന മത്സരമാണ് ഏകദേശം 8 മാസങ്ങൾക്കു ശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ പോരാട്ടം. സിഡ്നിയിൽ ഇന്ത്യൻ സമയം രാവിലെ 9.10നാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യ അവസാനമായി ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം കളിച്ചത്. മാർച്ചിലെ ദക്ഷിണാഫ്രിക്കൻ പര്യടനം കൊവിഡിനെ തുടർന്ന് റദ്ദാക്കിയിരുന്നു.

ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ ഇല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഐപിഎലിനിടെ പരുക്കേറ്റ താരത്തെ പരിമിത ഓവർ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ടെസ്റ്റ് മത്സരങ്ങൾക്കുള്ള സ്ക്വാഡിൽ താരത്തെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അതും അനിശ്ചിതത്വത്തിലാണ്. മികച്ച ഫോമിലുള്ള രോഹിത് ടീമിൽ ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.

Read Also : രോഹിതിന്റെ പരുക്കിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ല: വിരാട് കോലി

രോഹിത് ശർമ്മയുടെ അഭാവത്തിൽ മായങ്ക് അഗർവാളിന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ അവസരം ലഭിച്ചേക്കും. കഴിഞ്ഞ സീരീസുകളിൽ അഞ്ചാം നമ്പറിലിറങ്ങി മികച്ച പ്രകടനങ്ങൾ നടത്തിയ രാഹുൽ അതേ പൊസിഷനിൽ തുടരാനാണ് സാധ്യത. ഹർദ്ദിക് പാണ്ഡ്യ പന്തെറിയാത്തതു കൊണ്ട് തന്നെ കൃത്യം അഞ്ച് ബൗളർമാരുമായി ഇന്ത്യക്ക് ഇറങ്ങേണ്ടി വരും. ആറാം ബൗളിംഗ് ഓപ്ഷൻ ഇല്ലാത്തത് തിരിച്ചടിയാവാനിടയുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർക്കൊപ്പം മൂന്നാം പേസറായി നവദീപ് സെയ്നിക്ക് അവസരം ലഭിച്ചേക്കും.

ഓസീസ് നിരയിൽ മാർക്കസ് സ്റ്റോയിനിസിൻ്റെ ഫോം നിർണായകമാവും. മാക്സ്‌വൽ ഐപിഎലിൽ നിരാശപ്പെടുത്തിയെങ്കിലും ടീമിൽ ഇടം നേടിയേക്കും. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർക്കൊപ്പം ജോഷ് ഹേസൽവുഡ് ആവും മൂന്നാം പേസർ.

Story Highlights india tour of australia from tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here