രോഹിതിന്റെ പരുക്കിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ല: വിരാട് കോലി

രോഹിത് ശർമ്മ ഓസീസ് പര്യടനത്തിൽ ഉൾപ്പെടാതിരുന്നതിനെപ്പറ്റി ചർച്ചകളും വിവാദങ്ങളും കൊഴുക്കവേ സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ക്യാപ്റ്റൻ വിരാട് കോലി. രോഹിതിൻ്റെ അവസ്ഥ എന്താണ് എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ലെന്നും എന്താണ് സംഭവിക്കുക എന്നതിനായി തങ്ങൾ കാത്തിരിക്കുകയാണെന്നുമാണ് കോലി പ്രതികരിച്ചത്. പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ നായകൻ്റെ പ്രതികരണം.
Read Also : രോഹിത് എൻസിഎയിലേക്ക് പോയത് സ്വന്തം ഇഷ്ടപ്രകാരം; താരം ഓസ്ട്രേലിയക്കെതിരെ കളിക്കില്ലെന്ന് റിപ്പോർട്ട്
“സെലക്ഷൻ മീറ്റിംഗിനു രണ്ട് ദിവസം മുൻപ്, ഐപിഎൽ കളിക്കുന്നതിനിടെ അദ്ദേഹത്തിനു പരുക്ക് പറ്റിയെന്നും അതുകൊണ്ട് അദ്ദേഹം സെലക്ഷന് ഉണ്ടാവില്ലെന്നും ഞങ്ങൾക്ക് മെയിൽ വന്നു. അദ്ദേഹത്തോട് ഇക്കര്യം അറിയിച്ചു എന്നും മെയിലിൽ ഉണ്ടായിരുന്നു. രണ്ട് ആഴ്ചത്തെ വിശ്രമമാണ് അദ്ദേഹത്തിനു നിർദ്ദേശിച്ചിരുന്നത്. സെലക്ഷൻ മീറ്റിംഗിനു ശേഷം അദ്ദേഹം ഐപിഎൽ കളിച്ചു. അതുകൊണ്ട് തന്നെ ഞങ്ങളോടൊപ്പം രോഹിതും ഓസ്ട്രേലിയയിലേക്ക് വരുമെന്ന് കരുതി. എന്തുകൊണ്ടാണ് അദ്ദേഹം വരാതിരുന്നത് എന്നതിനെപ്പറ്റി ഞങ്ങൾക്ക് യാതൊരു അറിവുമില്ല. അക്കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. അതിനു ശേഷം അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ആണെന്ന വിവരമാണ് ഞങ്ങൾക്ക് ലഭിച്ചത്. എന്താണ് സംഭവിക്കുക എന്നതിനായി തങ്ങൾ കാത്തിരിക്കുകയാണ്.”- കോലി പറഞ്ഞു.
Read Also : ടെസ്റ്റ് കളിക്കണമെങ്കിൽ ഇശാന്തും രോഹിതും അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ എത്തണം: രവി ശാസ്ത്രി
പരുക്കിനെ തുടർന്ന് പരിമിത ഓവർ മത്സരങ്ങളിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയിരുന്നു. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും താരത്തിന് സമയത്ത് ഓസ്ട്രേലിയയിൽ എത്താൻ കഴിയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. അങ്ങനെയെങ്കിൽ ടെസ്റ്റ് മത്സരങ്ങളിലും രോഹിത് കളിക്കില്ല.
അതേസമയം, രോഹിത് ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യാതിരുന്നത് അസുഖബാധിതനായ പിതാവിനെ കാണാൻ നാട്ടിലേക്ക് പോയതുകൊണ്ടാണെന്നാണ് മാധ്യമപ്രവർത്തകനായ ബോറിയ മജുംദാർ പറയുന്നത്. ഇതിൽ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
നാളെ മുതലാണ് ഇന്ത്യയുടെ ഓസീസ് പര്യടനം ആരംഭിക്കുക.
Story Highlights – Lack of clarity, confusion over Rohit Sharma’s injury, says Virat Kohli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here