പാകിസ്താൻ ടീമിനെതിരായ അവസാന താക്കീത്; ന്യൂസീലൻഡിനെ വിമർശിച്ച് ഷൊഐബ് അക്തർ

പാകിസ്താൻ ക്രിക്കറ്റ് ടീമിന് അവസാന താക്കീത് നൽകിയ ന്യൂസീലൻഡിനെ വിമർശിച്ച് മുൻ പാക് താരം ഷൊഐബ് അക്തർ. തങ്ങൾ പണത്തിനായി ബുദ്ധിമുട്ടുകയല്ലെന്നും ന്യൂസീലൻഡിനെ തങ്ങൾക്ക് ആവശ്യമില്ലെന്നും അക്തർ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു അക്തറിൻ്റെ പ്രതികരണം.
“ഇത് ഒരു ക്ലബ് ടീം അല്ലെന്നും പാകിസ്താൻ്റെ ദേശീയ ക്രിക്കറ്റ് ടീം ആണെന്നും ന്യൂസീലൻഡിനോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പര്യടനം റദ്ദാക്കുമെന്ന പ്രസ്താവന എങ്ങനെയാണ് നിങ്ങൾക്ക് പുറപ്പെടുവിക്കാൻ കഴിയുക? ഞങ്ങൾക്ക് നിങ്ങളെ ആവശ്യമില്ല. ഞങ്ങളുടെ ക്രിക്കറ്റ് അവസാനിച്ചിട്ടില്ല. പണത്തിനായി ബുദ്ധിമുട്ടുകയുമല്ല. ടിവി സംപ്രേഷണത്തിൽ നിന്ന് ലഭിക്കുന്ന പണം ഞങ്ങൾക്കല്ല, നിങ്ങൾക്കാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു പരീക്ഷണസമയത്ത് കളിക്കാൻ വരുന്ന ഞങ്ങളോട് നിങ്ങളാണ് കടപ്പെട്ടിരിക്കുന്നത്. നിങ്ങൾ പാകിസ്താനെപ്പറ്റിയാണ് സംസാരിക്കുന്നത്. അതുകൊണ്ട് മാന്യമായി പെരുമാറുക. ഇത്തരം പ്രസ്താവനകൾ കൊടുക്കാതിരിക്കുക. അടുത്ത തവണ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുക.”- അക്തർ പറഞ്ഞു.
Read Also : ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കൊവിഡ്
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ന്യൂസീലൻഡ് സർക്കാർ പാക് താരങ്ങൾക്ക് താക്കീത് നൽകിയത്. ഒരു തവണ കൂടി ലംഘനമുണ്ടായാൽ രാജ്യത്തു നിന്ന് തന്നെ താരങ്ങളെ പുറത്താക്കുമെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് അറിയിച്ചു. ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടീം അംഗങ്ങളിൽ പലരും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് പറഞ്ഞു. ഇതിൻ്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്.
Story Highlights – Shoaib Akhtar Fumes After Tour Call Off Threat In New Zealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here