മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന ആരോപണവുമായി സിപിഐഎം

മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്ന ആരോപണവുമായി സിപിഐഎം പ്രാദേശിക നേതൃത്വം. മലപ്പുറം കരുവാരക്കുണ്ട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന എല്‍ഡിഫ് സ്ഥാനാര്‍ഥി അറുമുഖനെതിരെ ലീഗ് പ്രവര്‍ത്തകന്‍ വര്‍ഗീയ പ്രചാരണം നടത്തുന്നു എന്നാണ് സിപിഐഎമ്മിന്റെ ആരോപണം.

കഴിഞ്ഞ ദിവസമാണ് മതവികാരമുണര്‍ത്തുന്ന പ്രചാരണം നടത്തി എന്നാരോപിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കരുവാരക്കുണ്ട് ക്യാമ്പിന്‍കുന്ന് സ്വദേശി ഹൈദറൂസിനെ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ചത്. പതിമൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ടി.പി. അറുമുഖനെതിരെ ഹൈദ്രൂസ് വീടുകയറി വര്‍ഗീയ പ്രചാരണം നടത്തി എന്നാണ് സിപിഐഎമ്മിന്റെ പരാതി. താക്കീത് നല്‍കിയിട്ടും പ്രചാരണം തുടര്‍ന്നതോടെ സിപിഐഎം പ്രവര്‍ത്തകര്‍ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു.

ഇത്തരത്തില്‍ പ്രചാരണം നടത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും ഹൈദ്രൂസ് ലീഗ് അനുഭാവി മാത്രമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം. തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഹൈദറൂസിനെ മാറ്റി നിര്‍ത്തുമെന്നും പ്രാദേശിക ലീഗ് നേതൃത്വം വ്യക്തമാക്കി. പ്രദേശത്ത് മുസ്ലീംപള്ളി നിര്‍മിക്കാന്‍ സ്ഥലം വിട്ടുനല്‍കിയ വ്യക്തിയാണ് അറുമുഖന്‍. എല്‍ഡിഎഡിഫിന്റെ സിറ്റിംഗ് സീറ്റില്‍ ഇത്തവണയും ജയിച്ചുകയറുമെന്ന് തന്നെയാണ് അറുമുഖന്റെ പ്രതീക്ഷ.

Story Highlights Muslim League voting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top