സ്പെഷ്യൽ വോട്ടർമാർക്ക് വീടിനകത്ത് വോട്ടിംഗ്: മാർഗ നിർദേശങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തെരെഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. കൊവിഡ് രോഗികൾക്കും ക്വറന്റീനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ട് നടത്താം. തെരഞ്ഞെടുപ്പിന് 10 ദിവസം മുൻപ് അസുഖ ബാധിതരുടെയും ക്വറന്റീനിൽ ഉള്ളവരുടെയും ലിസ്റ്റ് ആരോഗ്യവകുപ്പ് തയാറാക്കും. ഇത് പ്രകാരമാണ് ബാലറ്റ് വിതരണം.
വോട്ടിംഗ് ദിവസം സ്പെഷ്യൽ വോട്ടർമാർക്ക് വീടിനകത്ത് വച്ച് വോട്ട് രേഖപ്പെടുത്താം. വോട്ടർമാരുടെ വീടുകളിൽ സ്‌പെഷ്യൽ ടീം എത്തും. സ്‌പെഷ്യൽ പോളിംഗ് ഓഫിസർ, പോളിംഗ് അസിസ്റ്റന്റ് ഒരു പൊലീസുകാരൻ എന്നിവരാണ് ടീമിലുണ്ടാകുക. ഇവർ സ്പെഷ്യൽ വോട്ടറുടെ വീട്ടിലെത്തി ആപ്ലിക്കേഷൻ കൈമാറും. അതിൽ ബാലറ്റ് പേപ്പർ കിട്ടിയത് അടക്കമുള്ള വിവരങ്ങൾ സാക്ഷ്യപ്പെടുത്തും. ഈ ഡിക്ലറേഷനും, പോസ്റ്റൽ ബാലറ്റും, കവറും സ്പെഷ്യൽ വോട്ടർക്ക് കൈമാറും. സ്പെഷ്യൽ ഓഫിസറിന് മുമ്പാകെ സ്പെഷ്യൽ വോട്ടർ ഈ ഡിക്ലറേഷനിൽ ഒപ്പിടണം. ഓഫിസർ ഈ ഡിക്ലറേഷൻ അറ്റസ്റ്റ് ചെയ്ത് കൊടുക്കും. സ്പെഷ്യൽ വോട്ടർക്ക് വീട്ടിലെ സൗകര്യമുള്ള സ്ഥലത്ത് പോയി തന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാം. ഒന്നുകിൽ ശരി മാർക്ക്, അല്ലെങ്കിൽ ഇന്റു/ തെറ്റ് മാർക്ക് ചെയ്യാം. ഒരു കോളത്തിനകത്ത് തന്നെ മാർക്ക് ചെയ്യണം. അത്തരത്തിൽ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ ഒപ്പം നൽകിയിരിക്കുന്ന കവറിലിട്ട് സീൽ ചെയ്യുക.
ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് എന്നിവയ്ക്ക് പ്രത്യേകം ബാലറ്റ് പേപ്പറുണ്ടാകും. ത്രിതല പഞ്ചായത്തിലെ ഒരു വോട്ടർക്ക് മൂന്ന് വോട്ടുകളുണ്ടാകും. ഗ്രാമ പഞ്ചായത്തിലേക്കും, ബ്ലോക്ക് പഞ്ചായത്തിലേക്കും, ജില്ലാ പഞ്ചായത്തിലേക്കും. ഈ മൂന്ന് ബാലറ്റ് പേപ്പറിലും വോട്ട് രേഖപ്പെടുത്തി പ്രത്യേകം കവറിലിടണം. മൂന്ന് സത്യവാങ്മൂലത്തിലും ഒപ്പു വയ്ക്കണം. ഓരോ ബാലറ്റ് പേപ്പർ അടങ്ങിയ കവറും, സത്യവാങ്മൂലവും മറ്റൊരു കവറിലിട്ട് ഒട്ടിക്കണം. ഇത് സ്പെഷ്യൽ പോളിംഗ് ഓഫിസറെ ഏൽപ്പിക്കണം.
ഓഫിസറെ ഏൽപ്പിക്കാൻ താത്പര്യമില്ലെങ്കിൽ, തപാൽ മാർഗമോ, മറ്റൊരു വ്യക്തി വഴിയോ റിട്ടേണിംഗ് ഓഫിസറിന്റെ പക്കൽ ഏൽപ്പിക്കണം. വോട്ടെണ്ണുന്ന ദിവസം മാത്രമേ ഈ കവർ തുറക്കുകയുള്ളു.
Story Highlights – guidelines for casting vote, covid patients
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here