കൊവിഡ് ചികിത്സ; കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

evised guidelines for convalescent plasma therapy

കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി (സിപിടി) നല്‍കുന്നതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പുതിയ ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചതിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. ഇനിമുതല്‍ പ്ലാസ്മ നല്‍കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ആന്റിബോഡി ഉണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും പ്ലാസ്മ തെറാപ്പി നല്‍കുന്നത്. പ്ലാസ്മ നല്‍കുന്നയാളുടെ രക്തത്തില്‍ മതിയായ ആന്റിബോഡി ഉണ്ടോയെന്ന് ഉറപ്പ് വരുത്തിയായിരിക്കും പ്ലാസ്മ എടുക്കുന്നത്. അതേസമയം തന്നെ സ്വീകരിക്കുന്ന ആള്‍ക്ക് ആന്റിബോഡി ഇല്ലെങ്കില്‍ മാത്രമേ പ്ലാസ്മ ചികിത്സ നല്‍കുകയുള്ളൂ. കൊവിഡ് ബാധിച്ച് 10 ദിവസത്തിനുള്ളില്‍ ഓക്സിജന്‍ ചികിത്സ ആവശ്യമായി വരുന്ന മിത തീവ്രതയുള്ള രോഗികള്‍ക്കായിരിക്കും ഇനി മുതല്‍ പ്ലാസ്മ തെറാപ്പി നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ ഉപയോഗിച്ച് കൊവിഡ് രോഗികളെ ചികിത്സിച്ചു വരുന്നുണ്ട്. രോഗം സുഖപ്പെട്ട വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. ഈ ചികിത്സ ഉപയോഗിച്ച് 90 ശതമാനത്തിന് മുകളില്‍ രോഗികളെയും രക്ഷിക്കാനായി. പ്ലാസ്മ തെറാപ്പി കൊടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. പരീക്ഷണമായി തുടങ്ങിയ പ്ലാസ്മ തെറാപ്പി വിജയകരമാണെന്ന് കണ്ടതിനെ തുടര്‍ന്നാ സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളജുകളില്‍ പ്ലാസ്മ ബാങ്ക് സജ്ജമാക്കി. ഐ.സി.എം.ആര്‍., സ്റ്റേറ്റ് പ്രോട്ടോകോള്‍ എന്നിവയുടെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിന്റേയും ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡിന്റേയും അനുമതിയോടെയാണ് പ്ലാസ്മ ചികിത്സ നല്‍കുന്നത്.

കൊവിഡ് ബാധ അതിജീവിച്ചവരുടെ ശരീരത്തില്‍ വൈറസിനെ ചെറുക്കാന്‍ ആവശ്യമായ ആന്റിബോഡികള്‍ രൂപപ്പെട്ടിട്ടുണ്ടാകും. രോഗം ഭേദമായിക്കഴിഞ്ഞാലും ഈ ആന്റിബോഡികള്‍ ശരീരത്തില്‍ അവശേഷിക്കും. ഈയൊരു മാര്‍ഗം പിന്തുടര്‍ന്നാണ് കൊവിഡ് കോണ്‍വലസന്റ് പ്ലാസ്മ കേരളത്തിലും പരീക്ഷിച്ചത്. പനി, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായിരുന്ന കോവിഡ് രോഗ മുക്തരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. രോഗമുക്തി നേടി 28 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും പ്ലാസ്മ സ്വീകരിക്കുന്നത്. ഫ്രസിനിയസ് കോംറ്റെക് മെഷീനിലൂടെ അഫെറെസിസ് ടെക്നോളജി മുഖേനയാണ് ആവശ്യമായ പ്ലാസ്മ മാത്രം രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നത്. രക്ത ദാതാവില്‍ നിന്ന് കുറഞ്ഞ അളവിലുള്ള രക്തം തുടര്‍ച്ചയായി മെഷീനിലൂടെ കടത്തി വിട്ട് സെന്‍ട്രിഫ്യൂഗേഷന്‍ പ്രക്രിയ വഴിയാണ് പ്ലാസ്മ വേര്‍തിരിക്കുന്നത്. ഉയര്‍ന്ന ഗുണമേന്മയുള്ള രക്ത ഘടകമാണ് ഈ പ്രക്രിയ വഴി ലഭിക്കുന്നത്. ഇതിലൂടെ ഏറെ രക്ത ദാതാക്കളില്‍ നിന്നുള്ള പ്ലാസ്മ രോഗിക്ക് സ്വീകരിക്കേണ്ടി വരുന്നില്ല. ഇങ്ങനെ ശേഖരിക്കുന്ന പ്ലാസ്മകള്‍ ഒരു വര്‍ഷം വരെ ശേഖരിച്ച് സൂക്ഷിക്കാന്‍ കഴിയുന്നു.

Story Highlights Revised guidelines for convalescent plasma therapy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top