ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാകിസ്താൻ

2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചത്. ലോകകപ്പ് യുഎഇയിലേക്ക് മാറ്റണമെന്നാണ് പാക് ക്രിക്കറ്റ് ബോർഡ് സിഇഒ വസീം ഖാൻ്റെ അഭിപ്രായം. ടൂർണമെന്റ് നടത്താനാവുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Read Also : ടി-20 ലോകകപ്പിൽ പന്തെറിയും; ഹർദ്ദിക് പാണ്ഡ്യ
“ടി-20 ലോകകപ്പിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഐപിഎലും ഇന്ത്യയിൽ വെച്ച് നടത്താമെന്നാണ് ബിസിസിഐ കണക്കു കൂട്ടുന്നത്. എന്നാൽ ഏപ്രിൽ മാസത്തോടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. 2021ൽ ഇന്ത്യയാണ് ടി-20 ലോകകപ്പ് നടത്തുന്നതെങ്കിൽ പാക് കളിക്കാർക്ക് വിസ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഐസിസിയെ സമീപിച്ചിട്ടുണ്ട്. അടുത്ത വർഷത്തെ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുക ശ്രീലങ്കയാണ്. 2022ൽ പാകിസ്താൻ ആയിരിക്കും ഏഷ്യാ കപ്പിനു വേദിയൊരുക്കുക. ഇത്തരം ലോക ഇവന്റുകളിൽ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഐസിസിക്കാണ്.”- വസീം ഖാൻ പറഞ്ഞു.
2021 ടി-20 ലോകകപ്പിന് ഇന്ത്യ വേദിയാവുമ്പോൾ 2022ലെ ടി-20 ലോകകപ്പ് ഓസ്ട്രേലിയയിൽ നടക്കും. ഈ വർഷം നടക്കേണ്ടിയിരുന്ന ലോകകപ്പാണ് കൊവിഡ് ബാധയെ തുടർന്ന് 2022ലേക്ക് മാറ്റിയത്. 2023ലെ ഏകദിന ലോകകപ്പിന്റെ വേദിയും ഇന്ത്യയാണ്.
Story Highlights – T20 World Cup could be shifted from India to UAE, says Pakistan Cricket Board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here