പ്രവാസി ചിട്ടിപ്പണം കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് നിയമപ്രകാരമെന്ന് അധികൃതര്‍

പ്രവാസി ചിട്ടിയില്‍ നിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് നിയമപ്രകാരമെന്ന് അധികൃതര്‍. കെഎസ്എഫ്ഇ പ്രവാസി ചിട്ടിയില്‍ നിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്ത് എത്തിയത്.
2015 ലെ ഫെമ നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം ഇന്ത്യയിലെ ചിട്ടി ഫണ്ടുകളിലേക്ക് വിദേശത്തുനിന്നു ഒരു ബാങ്കിംഗ് ചാനല്‍ മുഖേന പണം നിക്ഷേപിക്കുന്നതിന് പ്രവാസികളായ ഇന്ത്യാക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനനുബന്ധിച്ചു 2015 ജൂലൈയില്‍ കേരള സര്‍ക്കാര്‍ കെഎസ്എഫ്ഇക്ക് വിദേശ ഇന്ത്യാക്കാരില്‍ നിന്നും പണം സ്വീകരിക്കുന്നതിനുള്ള അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ആണ് പ്രവാസി ചിട്ടി എന്ന ആശയം ഉടലെടുക്കുന്നതും കിഫ്ബിയിലൂടെ പ്രവാസി ചിട്ടി നടത്തുന്നതിനുള്ള തീരുമാനം കേരള സര്‍ക്കാര്‍ എടുക്കുകയും ചെയ്തത്.
സംസ്ഥാന സര്‍ക്കാരിന്റെ 2017-2018 ലെ ബജറ്റ് പ്രസംഗത്തിലാണ് കെഎസ്എഫ്ഇയും കിഫ്ബിയും ചേര്‍ന്ന് പ്രവാസി ചിട്ടി നടത്തുന്നതിനുള്ള തീരുമാനം ഉണ്ടാകുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിലൂടെ പ്രവാസി ചിട്ടിയുടെ ഫ്‌ലോട്ട് ഫണ്ട് കിഫ്ബിയിലേക്ക് നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ കെഎസ്എഫ്ഇക്ക് അനുമതി നല്‍കി.
വ്യവസ്ഥകള്‍ ഇല്ലാതെയാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ ഫ്‌ലോട്ട് ഫണ്ട് കിഫ്ബിയില്‍ നിക്ഷേപിക്കുന്നത് എന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു.ചിട്ടിയുടെ എല്ലാ നിയമങ്ങളും അനുസരിക്കുന്നതിനൊപ്പം ആവശ്യമായ എല്ലാ മുന്‍കൂര്‍ അനുമതികളും ഉത്തരവുകളും നേടിയാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടി നടത്തുന്നത്.
നിയമ സഭ ഏകകണ്ഠമായി പാസാക്കിയ കിഫ്ബി നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന കിഫ്ബിയുടെ സെക്യൂരിറ്റിക്ക് മുതലിനും പലിശയ്ക്കും സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ടിന്റെ ഇരുപതാം വകുപ്പ് പ്രകാരമുള്ള ട്രസ്റ്റി സെക്യൂരിറ്റികളില്‍ കിഫ്ബി ബോണ്ടും പെടും. കിഫ്ബിയില്‍ കെഎസ്എഫ്ഇ നിക്ഷേപിക്കുന്ന തുകയ്ക്ക് കിഫ്ബി നല്‍കുന്ന സെക്യൂരിറ്റി പ്രൈവറ്റ് പ്ലെയ്സ്മെന്റ് വിഭാഗത്തിലാണ് വരുന്നത്.
ചിട്ടിയില്‍ ചേരുന്നവര്‍ക്ക് തുക ആവശ്യമായി വരുന്നത് ചിട്ടിവിളിച്ചു മതിയായ ജാമ്യം നല്‍കി ചിട്ടിത്തുക കൈപ്പറ്റുമ്പോള്‍ ആണ് അല്ലെങ്കില്‍ സ്ഥിരനിക്ഷേപമാക്കിയ തുക കാലാവധി കഴിഞ്ഞു തിരികെ കൈപ്പറ്റുമ്പോഴോ ആണ്. ഇത്തരത്തില്‍ തുക ആവശ്യമായ സമയത്തു അത് സുഗമമായി നല്‍കുന്നതിന് ആവശ്യമായ മുന്‍കരുതലുകളും നടപടികളും പ്രവാസി ചിട്ടിയില്‍ കെഎസ്എഫ്ഇ കൈക്കൊണ്ടിട്ടുണ്ട്.
അത് മാത്രമല്ല ചിട്ടിപ്പണം അപ്പാടെ കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുക എന്നൊരു കാഴ്ചപ്പാട് അല്ല ഇതില്‍ ഉള്ളത്. ദൈനംദിന ആവശ്യങ്ങള്‍ ആയ പ്രൈസ് മണി പേയ്മെന്റ്, ഡെപ്പോസിറ്റ് ക്ലോസിംഗ് എന്നിവ കഴിച്ചുള്ള ഫ്‌ലോട്ട് ഫണ്ട് മാത്രമാണ് കിഫ്ബിയില്‍ നിക്ഷേപിക്കുന്നത്. അതായത് കെഎസ്എഫ്ഇയുടെ ആഭ്യന്തര ചിട്ടി ബിസിനസില്‍ ബാങ്ക് അക്കൗണ്ടുകളില്‍ വെറുതെ സൂക്ഷിക്കുന്ന തുക സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു കരുതല്‍ ആയി ഉപയോഗിക്കുവാന്‍ കഴിയും എന്ന ആശയമാണ് പ്രവാസി ചിട്ടിയിലൂടെ കെഎസ്എഫ്ഇയും കിഫ്ബിയും നടപ്പിലാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, പ്രവാസി ചിട്ടിയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികളുടെ എണ്ണം 79000 കടന്നു. നിലവില്‍ വിദേശത്ത് താമസിക്കുന്ന 72956 പ്രവാസി മലയാളികളും കേരളത്തിന് പുറത്ത് താമസിക്കുന്ന 6238 പ്രവാസി മലയാളികളും അടക്കം 79194 പേര്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.
വിവരങ്ങള്‍ക്ക്: https://crm.pravasi.ksfe.com/landing_nrk/?source=stJnsYHD9p
Story Highlights – ksfe pravasi chitty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here