സോളാർ പീഡനക്കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം പുനരാരംഭിച്ചിരുന്നു

സോളാർ പീഡനക്കേസിലെ അന്വേഷണം ഒരിടവേളയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് പുനരാരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. മുൻ മന്ത്രി എ.പി അനിൽകുമാറിനെതിരെ സോളാർ സംരംഭക നൽകിയ പീഡന പരാതിയിലാണ് നിർണായക നടപടി. കേസ് സംബന്ധിച്ച ശരണ്യാ മനോജിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ നാടകമെന്ന് പരാതിക്കാരി ആരോപിച്ചു. ഉമ്മൻ ചാണ്ടി, എ.പി അനിൽകുമാർ, കെ.സി വേണുഗോപാൽ, എ.പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പരാതികളിൽ ഉറച്ചു നിൽക്കുന്നതായും പരാതിക്കാരി പറഞ്ഞു.
സോളാർ കേസ് പ്രതി കൂടിയായ പരാതിക്കാരിയെ മുൻ മന്ത്രി എ.പി അനിൽ കുമാർ വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ഇതേ തുടർന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ വർഷം കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, പിന്നീട് അന്വേഷണം മരവിച്ചു. ഇതിനിടെ കഴിഞ്ഞ മാസം പീഡനം നടന്നുവെന്ന് ആരോപിക്കുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരാതിക്കാരിയെ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്നാണ് രഹസ്യമൊഴി നിർദേശം അന്വേഷണ സംഘം മുന്നോട്ട് വെച്ചത്. മറ്റ് നേതാക്കൾക്കെതിരായ പരാതികളിലും ക്രൈംബ്രാഞ്ച്, അന്വേഷണം പുനരാരംഭിച്ചിരുന്നു.
Story Highlights – Solar case; The crime branch investigation had resumed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here