ക്യാമ്പിലെ കൊവിഡ് ബാധ; പാക് ടീമിനെ പരിശീലനത്തിൽ നിന്ന് വിലക്കി ന്യൂസീലൻഡ്

ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാക് ടീമിന് ട്രെയിനിങ് നിഷേധിച്ച് കേന്ദ്ര ആരോഗ്യവകുപ്പ്. ക്യാമ്പിലെ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിലാണ് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് പാകിസ്താൻ ടീമിനെ പരിശീലനത്തിൽ നിന്ന് വിലക്കിയത്. ഇതുവരെ ആകെ 8 പാക് താരങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്രൈസ്റ്റ്ചർച്ചിലെ ഹോട്ടലിലാണ് പാക് താരങ്ങൾ ഐസൊലേഷനിൽ കഴിയുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിൻ്റെ പശ്ചാത്തലത്തിൽ പാക് താരങ്ങളെ രാജ്യത്തു നിന്ന് പുറത്താക്കുമെന്ന് ന്യൂസീലൻഡ് സർക്കാർ താക്കീത് നൽകിയിരുന്നു. ഒരു തവണ കൂടി ലംഘനമുണ്ടായാൽ രാജ്യത്തു നിന്ന് തന്നെ താരങ്ങളെ പുറത്താക്കുമെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് അറിയിച്ചു. ന്യൂസീലൻഡ് പര്യടനത്തിനെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ആറ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടീം അംഗങ്ങളിൽ പലരും കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെന്ന് ന്യൂസീലൻഡ് ആരോഗ്യവകുപ്പ് പറഞ്ഞു. ഇതിൻ്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സിഇഒ വാസിം ഖാൻ താരങ്ങളുമായി നടത്തിയ വാട്‌സപ്പ് സന്ദേശത്തിലാണ് ന്യൂസീലൻഡ് നൽകിയ മുന്നറിയിപ്പിനെപ്പറ്റി വെളിപ്പെടുത്തിയത്.
ഡിസംബർ 18നാണ് പാകിസ്താൻ്റെ ന്യൂസീലൻഡ് പര്യടനം ആരംഭിക്കുന്നത്. മൂന്ന് ടി-20കളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തിൽ ഉള്ളത്.
Story Highlights – New Zealand Refuses Permission To Train for pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here