ആര്‍ജിബിസിയുടെ പുതിയ കാമ്പസിന് ഗോള്‍വാള്‍ക്കറിന്റെ പേര്; പുനര്‍വിചിന്തനം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

ആര്‍ജിബിസിയുടെ പുതിയ കാമ്പസിന് ആര്‍എസ്എസ് ആചാര്യന്‍ എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ധന് കത്തയച്ചു. രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള തീരുമാനം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധനാണ് നേരത്തെ പ്രഖ്യാപിച്ചത്. തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്നും പകരം രാജ്യത്തെ ശാസ്ത്ര പ്രതിഭകളുടെ പേരുകള്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്. ഗോള്‍വാള്‍ക്കറിന്റെ പേരു നല്‍കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
‘ എം. എസ്. ഗോള്‍വാള്‍ക്കറെപ്പോലെ വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച ഒരു വ്യക്തിയുടെ നാമം കേരളത്തിലെ ഒരു പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിനു നല്‍കുന്നത് അനുചിതമാണ്. ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവാത്ത നടപടിയാണതെന്നും ‘ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വാതന്ത്ര്യാനന്തരം മതവര്‍ഗീയത തീര്‍ത്ത നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ ഒരു രാജ്യത്തിന്റെ ഭാഗമായിരുന്നിട്ടും, അതെല്ലാം സധൈര്യം ചെറുത്ത് മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചു നിലകൊണ്ട സംസ്ഥാനമാണ് കേരളം. വര്‍ഗീയത പോലുള്ള സങ്കുചിത ചിന്തകകള്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മാനവികത ഉയര്‍ത്തിപ്പിടിച്ച സംസ്‌കാരമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എം. എസ്. ഗോള്‍വാള്‍ക്കറെപ്പോലെ വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം ചമച്ച ഒരു വ്യക്തിയുടെ നാമം കേരളത്തിലെ ഒരു പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പുതിയ കാമ്പസിനു നല്‍കുന്നത് അനുചിതമാണ്. ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് അംഗീകരിക്കാനാവാത്ത നടപടിയാണത്. ശാസ്ത്രമുള്‍പ്പെടെ ആധുനികതയുടെ സംഭാവനകളെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് പ്രാകൃതമായ സംസ്‌കൃതിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ഗോള്‍വാള്‍ക്കെറെപ്പോലൊരു വ്യക്തിയുടെ നാമം ഇത്തരമൊരു ഗവേഷണസ്ഥാപനത്തിനു ചാര്‍ത്തുന്നത് അനീതിയാണ്. വര്‍ഗീയതയില്‍ ഊന്നിയ വെറുപ്പിന്റെ വിചാരധാരയല്ല, മറിച്ച് സ്വതന്ത്രചിന്തയുടെ മാതൃകയായി മാറിയ വ്യക്തികളുടെ ചരിത്രമായിരിക്കണം അത്തരമൊരു സ്ഥാപനത്തിനു പ്രചോദനമാകേണ്ടത്. ഈ പ്രശ്‌നം ഉയര്‍ത്തിക്കാണിച്ചു കൊണ്ട്, പ്രസ്തുത തീരുമാനത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട്, കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ദ്ധനു കത്തയച്ചു.
Story Highlights – rgbc campus, Golwalkar’s name, CM sent a letter to the Center asking it to reconsider
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here