കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്; എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ.കെ ശൈലജ

covid, election; all to be vigilant; Minister KK Shailaja

കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും വോട്ട് ചെയ്യേണ്ടതാണ്. എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ ആ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

1) വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

2) കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്

3) രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക

4) പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക്ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക്ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക്ക് വച്ച് സംസാരിക്കാന്‍ പറയുക.

5) ആരോട് സംസാരിച്ചാലും 2 മീറ്റര്‍ അല്ലെങ്കില്‍ 6 അടി സാമൂഹിക അകലം പാലിക്കണം

6) പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി അകലം പാലിക്കണം. കൂട്ടം കൂടി നില്‍ക്കരുത്

7) ഒരാള്‍ക്കും ഷേക്കാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല

8) വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം

9) ബൂത്തിനകത്ത് ഒരേസമയം പരമാവധി 3 വോട്ടര്‍മാര്‍ മാത്രം വോട്ട് ചെയ്യാനായി കയറുക

10) പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്

11) അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

12) തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക്ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക്ക് മാറ്റി സംസാരിക്കരുത്.

13) വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക

14) വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം

15) കമ്മിറ്റി ഓഫീസുകളിലെ പ്രവര്‍ത്തകരും മാസ്‌ക്ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം, കൈകള്‍ സാനിറ്റെസ് ചെയ്യണം

വോട്ടെടുപ്പിന് 10 ദിവസം മുന്‍പ് മുതല്‍ തലേ ദിവസം മൂന്ന് മണി വരെ കൊവിഡ് പോസിറ്റീവ് ആയവരും ക്വാറന്റൈനില്‍ ഉള്ളവരും പോളിംഗ് ബൂത്തില്‍ പോകേണ്ടതില്ല. ഇവര്‍ക്ക് പ്രത്യേക തപാല്‍ വോട്ട് ചെയ്യാം. തലേ ദിവസം മൂന്ന് മണിക്ക് ശേഷം പോസിറ്റീവ് ആകുന്നവരും നിരീക്ഷണത്തില്‍ പോകുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ബൂത്തിലെത്തി വോട്ട് ചെയ്യാവുന്നതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056ല്‍ വിളിക്കാവുന്നതാണ്.

Story Highlights covid, election; all to be vigilant; Minister KK Shailaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top