പ്രൊഫഷണൽ ഫുട്ബോളിൽ ബൂട്ട് കെട്ടുന്ന ആദ്യ ട്രാൻസ്ജൻഡർ; ചരിത്രമെഴുതി മറാ ഗോമസ്

പ്രൊഫഷണൽ ഫുട്ബോളിൽ ബൂട്ട് കെട്ടുന്ന ആദ്യ ട്രാൻസ്ജൻഡറായി അർജൻ്റൈൻ താരം മറാ ഗോമസ്. അർജൻ്റൈൻ ഫസ്റ്റ് ഡിവിഷൻ ക്ലബായ വിയ്യ സാൻ കാർലോസ് ക്ലബിനു വേണ്ടിയാണ് 23കാരിയായ മറാ അരങ്ങേറിയത്. ഏഴാം നമ്പർ ജഴ്സിയണിഞ്ഞ് കളത്തിലിറങ്ങിയ താരം ട്രാൻസ്‌ജൻഡർ ഫുട്ബോൽ താരങ്ങൾക്ക് ഇത് പുതിയ പാതയൊരുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ഈ വർഷം ആദ്യം മറാ ക്ലബുമായി കരാറിൽ ഏർപ്പെട്ടിരുന്നു. കൊവിഡിനെ തുടർന്ന് ലീഗ് മാറ്റിവച്ചതിനെ തുടർന്നാണ് അരങ്ങേറ്റം വൈകിയത്. മത്സരത്തിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് മരായുടെ ക്ലബ് പരാജയപ്പെട്ടു.
“ഞാൻ ഫുട്ബോൾ കളിക്കാൻ ആരംഭിച്ചപ്പോൾ എനിക്കത് തെറാപ്പി പോലെയായിരുന്നു. ഫസ്റ്റ് ഡിവിഷനിൽ കളിക്കുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപ് ഇതേപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. പക്ഷേ, ഇപ്പോൾ നമ്മൾ പുതിയ പാത ഒരുക്കുകയാണ്. ഇത് ഒരു വലിയ നേട്ടമാണ്. ഞാൻ ക്ലബിനോടും ടീം അംഗങ്ങളോടും പരിശീലന സംഘത്തോടും കടപ്പെട്ടിരിക്കുന്നു.”- മറാ ഗോമസ് ഇ എസ് പി എന്നിനോട് പറയുന്നു.
Story Highlights – Mara Gomez Becomes First Transgender Woman To Play Professional Football
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here