Advertisement

നിയമസഭാ വോട്ടര്‍പട്ടിക: പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

December 10, 2020
2 minutes Read
Assembly Voter List: Election Commission with Comprehensive Plan

2021 ലെ നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ 18 വയസ് തികഞ്ഞ പരമാവധി പേരെ ഉള്‍പ്പെടുത്താന്‍ സമഗ്ര പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ പരിശോധിച്ച് ആക്ഷേപങ്ങളും പരാതികളും സമര്‍പ്പിക്കാനുള്ള തിയതി ഡിസംബര്‍ 31 വരെ നീട്ടിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കരട് പട്ടികയിലുള്ള അവകാശങ്ങള്‍/എതിര്‍പ്പുകള്‍ എന്നിവ വോട്ടര്‍മാര്‍ക്ക് ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായതിനാല്‍ വോട്ടര്‍പട്ടിക പുതുക്കലിന് കൂടുതല്‍ സമയം ആവശ്യമാണെന്ന ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരായ കളക്ടമാരുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷികളുടേയും അഭ്യര്‍ഥന കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി നീട്ടിയത്. നിലവില്‍ 2,63,00,000 ഓളം പേരാണ് നിലവില്‍ കരട് വോട്ടര്‍പട്ടികയിലുള്ളത്. ഇത് 2,69,00,000 ഓളം ആക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം.
2021 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് പൂര്‍ത്തിയാകുന്ന അര്‍ഹര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും, നിലവിലുള്ള വോട്ടര്‍മാര്‍ക്ക് പട്ടികയിലെ വിവരങ്ങളില്‍ നിയമാനുസൃത മാറ്റങ്ങള്‍ വരുത്താനും സാധിക്കും.

പ്രായപൂര്‍ത്തിയായ ആരും വോട്ടര്‍പട്ടികയില്‍നിന്ന് വിട്ടുപോകാതിരിക്കാന്‍ 31 വരെ സമഗ്രമായ കാമ്പയിന്‍ നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ഇതിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉപയോഗപ്പെടുത്തും. വോട്ടര്‍പട്ടികയില്‍ എല്ലാ അര്‍ഹരെയും ഉള്‍പ്പെടുത്തുന്നത് വേഗത്തിലാക്കാന്‍ വിവിധ വകുപ്പ് സെക്രട്ടറിമാരുമായും ഉദ്യോഗസ്ഥരുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചര്‍ച്ച നടത്തി.
ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ്, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഐ.ടി, സാമൂഹ്യ നീതി, തൊഴില്‍, പട്ടികജാതി, പട്ടികവര്‍ഗ വികസനം തുടങ്ങിയ വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ച് വകുപ്പുകള്‍ മുഖേന ചെയ്യാവുന്ന കാര്യങ്ങളില്‍ അഭിപ്രായമറിയിച്ചു. 18 വയസ് തികഞ്ഞ വിദ്യാര്‍ത്ഥികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, ഓരോ മേഖലയിലെയും പ്രമുഖ വ്യക്തികള്‍ തുടങ്ങി എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ മുഖേന പേരുചേര്‍ക്കാന്‍ സമഗ്രമായ പരിപാടികള്‍ ഈമാസം നടപ്പാക്കും.

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മുഖേന ഇതിനായി പ്രത്യേക പത്രക്കുറിപ്പുകള്‍, പോസ്റ്ററുകള്‍, ഹ്രസ്വ വിഡിയോകള്‍, ഗവ. വെബ്‌സൈറ്റുകളില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ലിങ്ക് ഉള്‍പ്പെടുത്തല്‍, റേഡിയോ പ്രചാരണം തുടങ്ങിയ ഇക്കാലയളവില്‍ നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. കരട് പട്ടികയില്‍ പേര് ഉണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ഇതുവരെ ചേര്‍ക്കാത്തവര്‍ ഈ അവസരം ഉപയോഗപ്പെടുത്തി ജനാധിപത്യസംവിധാനത്തിന്റെ ഭാഗമാകണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

Story Highlights Assembly Voter List: Election Commission with Comprehensive Plan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top