രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് അഞ്ച് ജില്ലകൾ

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളാണ് ഇന്ന് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായുള്ള മോക്ക് പോളിംഗ് പൂർത്തിയായി. ഏഴ് മണിക്കാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുക. മികച്ച പോളിംഗ് പ്രതീക്ഷയിലാണ് മുന്നണികൾ. അഞ്ച് ജില്ലകളിലായി 8,116 ജില്ലകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98.57 ലക്ഷം വോട്ടർമാരാണ് ഉള്ളത്.

കേരള കോൺഗ്രസുകളുടെ ബല പരീക്ഷണമാണ് രണ്ടാം ഘട്ടത്തെ ശ്രദ്ധേയമാക്കുന്നത്. കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ മേൽക്കൈ നിലനിർത്തുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. തൃശൂരിലും പാലക്കാട്ടും ആധിപത്യം നിലനിർത്തുന്നതിനൊപ്പം ജോസ് കെ മാണിയുടെ വരവോടെ കോട്ടയത്തേയും ഇടതു ചേരിയിലാക്കുകയാണ് എൽഡിഎഫിന്റെ ഉന്നം. പാലക്കാട് നഗരസഭയിൽ കഴിഞ്ഞ തവണ ലഭിച്ച ഭരണം നിലനിർത്തുക ,തൃശൂർ കോർപ്പറേഷനിൽ വൻ മുന്നേറ്റം നടത്തുക. ഇതാണ് ബി ജെ പിയുടെ ലക്ഷ്യം. കോട്ടയത്ത് എൽഡിഎഫ് യുഡിഎഫ് പോരാട്ടം എന്നതിനേക്കാൾ കേരള കോൺഗ്രസിലെ ജോസ് – ജോസഫ് പക്ഷങ്ങളുടെ കൊമ്പുകോർക്കലാണ് ശ്രദ്ധേയം. യഥാർത്ഥ കേരള കോൺഗ്രസിനെ ഈ തെരഞ്ഞെടുപ്പ് നിശ്ചയിക്കുമെന്നാണ് ഇരുവരുടേയും അവകാശ വാദം. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സഭാ തർക്കം അടക്കം നിരവധി വിഷയങ്ങൾ വേറെയുമുണ്ട്. എറണാകുളത്ത് കിഴക്കമ്പലത്ത് 20:20 കൊച്ചി നഗരസഭയിൽ വീഫോർ കൊച്ചി തുടങ്ങിയ കൂട്ടായ്മകൾ മുന്നണികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. വോട്ടെടുപ്പിനു മുമ്പുള്ള നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലൂടെയാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകൾ കടന്നു പോവുന്നത്. മൂന്നു മുന്നണികളും വൻ വിജയം അവകാശപ്പെടുന്നുണ്ട്. സ്വർണക്കടത്ത് മുതൽ സ്പീക്കർക്കെതിരായ ആരോപണങ്ങൾ വരെ പ്രചാരണ രംഗത്ത് നിറഞ്ഞു നിന്നു. വികസന പ്രവർത്തനങ്ങളുടേയും ക്ഷേമ പെൻഷനുകളുടേയും പട്ടിക നിരത്തിയാണ് ഇടതു മുന്നണി ഇതിനെ തടയിട്ടത്. അവസാന ഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. ബുധനാഴ്ചയാണ് വോട്ടെണ്ണൽ.

Story Highlights Second phase of elections today; Five districts are seeking election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top