Advertisement

ഫസ്റ്റ്ബെല്‍ ക്ലാസുകളുടെ ക്രമീകരണം കുട്ടികള്‍ക്ക് സമ്മര്‍ദ്ദം നല്‍കാത്ത തരത്തില്‍; കൈറ്റ്

December 11, 2020
Google News 2 minutes Read
Arranging firstball classes does not stress children; Kite

കുട്ടികള്‍ക്ക് ആയാസരഹിതമായി പഠിക്കാവുന്ന വിധത്തിലാണ് കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് കൈറ്റ് വിക്ടേഴ്സ് അധികൃതര്‍ അറിയിച്ചു. 10, 12 ക്ലാസുകള്‍ക്ക് പ്രാമുഖ്യം നല്‍കി ഡിസംബര്‍ ഏഴ് മുതല്‍ കൂടുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കുട്ടിക്ക് അമിതഭാരം ഏല്‍പ്പിക്കാതെ ക്ലാസുകള്‍ തയാറാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് കൈറ്റും എസ്‌സിഇആര്‍ടിയും ക്ലാസുകള്‍ തയാറാക്കുന്നതും സംപ്രേഷണം ചെയ്യുന്നതും.

ഇതിനനുസൃതമായി പത്താം ക്ലാസുകാര്‍ക്ക് അംഗീകൃത സമയക്രമമനുസരിച്ച് ക്ലാസുകള്‍ പൂര്‍ത്തിയാക്കേണ്ട ജനുവരിയില്‍ത്തന്നെ ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കാനാകും. ജനുവരി ആദ്യവാരത്തോടെ പകുതിയോളം വിഷയങ്ങളുടെ ക്ലാസുകള്‍ പൂര്‍ത്തിയാകും. പന്ത്രണ്ടാം ക്ലാസിലെ ചില ശാസ്ത്ര വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കും. ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി രണ്ടര മണിക്കൂര്‍ എന്നത് അപൂര്‍വ്വം ദിവസങ്ങളില്‍ മൂന്നു മണിക്കൂര്‍ വരെ ആവശ്യമായി വരും. എല്ലാ ക്ലാസുകളുടേയും പുനഃസംപ്രേഷണത്തോടൊപ്പം പിന്നീട് കാണാനായി ഫസ്റ്റ്ബെല്‍ പോര്‍ട്ടലിലും (firstbell.kite.kerala.gov.in) ലഭ്യമാക്കുന്നുണ്ട്.

ക്ലാസുകള്‍ ഒരിക്കലും കുട്ടികള്‍ക്ക് സമ്മര്‍ദ്ദം നല്‍കാത്ത തരത്തില്‍ത്തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ മാത്രം കണ്ട് കുട്ടി പരീക്ഷ എഴുതുക എന്ന ലക്ഷ്യത്തോടെയല്ല സംപ്രേഷണം. നിലവില്‍ അധ്യാപകര്‍ നല്‍കുന്ന തത്സമയ പിന്തുണകള്‍ക്ക് പുറമെ കുട്ടികള്‍ സ്‌കൂളില്‍ വന്ന് നേരിട്ട് അധ്യാപകര്‍ ക്ലാസുകള്‍ നല്‍കുന്ന അനുഭവം കൂടി പ്രതീക്ഷിച്ചുകൊണ്ടാണ് ഫസ്റ്റ്ബെല്‍ പ്രവര്‍ത്തനങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളത്. പൊതുപരീക്ഷയ്ക്ക് പ്രാധാന്യമുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്ലാസുകള്‍ നല്‍കുന്നത്. ഡിസംബര്‍ 18 മുതലുള്ള പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷാ ദിവസങ്ങളില്‍ പന്ത്രണ്ടാം ക്ലാസിന് ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ഉണ്ടാവില്ല. അതുപോലെ പത്താം ക്ലാസുകാര്‍ക്ക് ഡിസംബര്‍ 24 മുതല്‍ 27 വരെയും ക്ലാസുകള്‍ ഉണ്ടാകില്ല. ഇതനുസരിച്ചുള്ള പുതുക്കിയ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

Story Highlights Arranging firstball classes does not stress children; Kite

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here