തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപന സാധ്യത; തിരുവനന്തപുരത്ത് പുതിയ സിഎഫ്എല്‍ടിസികള്‍ തുറക്കും

covid spread; Thiruvananthapuram

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപന സാധ്യത മുന്നില്‍ കണ്ട് തിരുവനന്തപുരത്ത് പുതിയ സിഎഫ്എല്‍ടിസികള്‍ തുറക്കും. ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നാണു നടപടി.

ജില്ലയില്‍ കൊവിഡ് വ്യാപനതോത് വലിയ അളവില്‍ കുറഞ്ഞെങ്കിലും ഇനിയുള്ള ദിനങ്ങളിലും കൂടുതല്‍ ജാഗ്രതയോടെ പ്രതിരോധ നടപടികള്‍ തുടരണമെന്നു കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ഡിസംബര്‍ 10 വരെയുള്ള കണക്കു പ്രകാരം 3,381 ആക്ടീവ് കൊവിഡ് രോഗികളാണു ജില്ലയിലുള്ളത്. കഴിഞ്ഞ മാസം ഇതേ സമയത്ത് ആക്ടീവ് രോഗികളുടെ എണ്ണം 7,323 ആയിരുന്നു. ഒരു മാസംകൊണ്ട് ചികിത്സയിലുള്ള രോഗികളുടെ എണ്ണം പകുതിയില്‍ താഴെയാക്കാന്‍ കഴിഞ്ഞത് രോഗ പ്രതിരോധ സംവിധാനങ്ങളുടെ വിജയമാണ്. ഇതേ രീതിയില്‍ മുന്നോട്ടുപോയാല്‍ രോഗവ്യാപനം വലിയ തോതില്‍ തടഞ്ഞു നിര്‍ത്താന്‍ കഴിയും.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ കൂടുതലായി സാമൂഹിക ഇടപെടലുകള്‍ നടത്തിയതോടെ ഇനിയുള്ള രണ്ടാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായേക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ഈ സാഹചര്യത്തെ നേരിടാന്‍ രോഗ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കേണ്ടതുണ്ട്. ഇതു മുന്‍നിര്‍ത്തി ജില്ലയിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ (സിഎഫ്എല്‍ടിസി) പ്രവര്‍ത്തനമടക്കം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജില്ലയിലെ സിഎഫ്എല്‍ടിസികളില്‍ 70 ശതമാനത്തോളം ബെഡുകള്‍ നിലവില്‍ ഒഴിവുണ്ട്. അതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്കു സര്‍ക്കാര്‍ സംവിധാനത്തില്‍ത്തന്നെ മെച്ചപ്പെട്ട ചികിത്സ നല്‍കും. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 310 കൊവിഡ് ബെഡുകളില്‍ 187 ബെഡുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനറല്‍ ആശുപത്രി ഡിസംബര്‍ 31 വരെ ഡെസിഗ്നേറ്റഡ് കൊവിഡ് ആശുപത്രിയായിത്തന്നെ തുടരും. വിദ്യാലയങ്ങളുടെ ഭാഗമായി ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ സെന്ററുകളും മാറ്റി സ്ഥാപിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി.

വെള്ളായണി കാര്‍ഷിക കോളജിലെ കേന്ദ്രം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കു മാറ്റും. മുക്കോല റോസ മിസ്റ്റിക്കയിലേത് പുല്ലുവിള സെന്റ് നിക്കോളാസ് കണ്‍വന്‍ഷന്‍ സെന്ററിലേക്കും പാറശാല ശ്രീകൃഷ്ണ കോളജ് ഓഫ് ഫാര്‍മസിയിലേത് വെങ്ങാനൂര്‍ നീലകേശി ഓഡിറ്റോറിയത്തിലേക്കും മാറ്റും. സരസ്വതി നഴ്‌സിംഗ് കോളജിലെ കേന്ദ്രം നെയ്യാര്‍ഡാം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലേക്കും കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജിന്റെ മെന്‍സ് ഹോസ്റ്റലിലും കുളത്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജിലുമുള്ള കേന്ദ്രങ്ങള്‍ വെള്ളറട ഫോറസ്റ്റ് കമ്യൂണിറ്റി ഹാളിലേക്കും മാറ്റും. ഞാറനീലി അംബേദ്കര്‍ സ്‌കൂളിലെ കേന്ദ്രത്തിലുള്ള പുരുഷന്മാരുടെ ബെഡുകള്‍ നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തിലേക്കും സ്ത്രീകള്‍ക്കായി നീക്കിവച്ചിരിക്കുന്നവ ഗവണ്‍മെന്റ് ആയൂര്‍വേദ കോളജിലേക്കും മാറ്റുമെന്നും കളക്ടര്‍ അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പുതുതായി 11 സി.എഫ്.എല്‍.ടി.സികള്‍ തുറക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കി. 1,380 ബെഡുകള്‍ സജ്ജമാക്കാത്തക്കവിധമാണ് ഇവ ഒരുക്കുക. കൊവിഡ് വ്യാപനം സംബന്ധിച്ചു ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

Story Highlights covid spread; New CFLTCs will be opened in Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top