Advertisement

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; ചെലവിട്ടത് 10 ശതമാനത്തില്‍ താഴെ മാത്രം

December 12, 2020
2 minutes Read
nirmala sitharaman

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനായാണ് കേന്ദ്രസര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പാക്കേജില്‍ നിന്ന് പത്ത് ശതമാനം തുക പോലും വിതരണം ചെയ്തിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്.

പൂനൈ സ്വദേശിയായ വ്യവസായി പ്രഫുല്‍ സര്‍ദ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. ഇതുവരെ പാക്കേജില്‍ നിന്ന് എത്ര തുക ചെലവാക്കിയെന്നും സംസ്ഥാനങ്ങള്‍ക്ക് എത്ര നല്‍കിയെന്നും പാക്കേജില്‍ എത്ര തുക ബാക്കിയുണ്ടെന്നുമായിരുന്നു വിവരാവകാശ പ്രകാരമുള്ള ചോദ്യം.

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി അടിയന്തര വായ്പാ സംവിധാനം ഏര്‍പ്പെടുത്തിയെന്നും ഒക്ടോബര്‍ 31 വരെ മൂന്നു ലക്ഷം കോടി രൂപ ഇസിഎല്‍ജിഎസ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചെന്നും മന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ നിന്ന് 1.20 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. അതായത് രാജ്യത്തെ 130 കോടിയിലധികം ആളുകള്‍ക്ക് ഒരാള്‍ക്ക് എട്ട് രൂപ എന്ന നിലയില്‍. അതും തിരിച്ചടയ്‌ക്കേണ്ട തുക.

പദ്ധതി പ്രഖ്യാപിച്ച് എട്ട് മാസം പിന്നിടുമ്പോഴും ആകെ മൂന്ന് ലക്ഷം കോടി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. ബാക്കി 17 ലക്ഷം കോടി രൂപ എവിടെയെന്നും പ്രഫുല്‍ സര്‍ദ ചോദിക്കുന്നു. ഇസിഎല്‍ജിഎസ് വഴി ഏറ്റവുമധികം തുക വായ്പയെടുത്തിരിക്കുന്നത് മഹാരാഷ്ട്രയാണ്. 14,364.30 കോടി രൂപയാണ് മഹാരാഷ്ട്ര വായ്പയെടുത്തിരിക്കുന്നത്. രണ്ടാം സ്ഥാനം തമിഴ്‌നാടിനാണ്. 12,445.48 കോടി രൂപയാണ് തമിഴ്‌നാട് വായ്പയെടുത്തിരിക്കുന്നത്. ഗുജറാത്ത് 12,005.92 കോടി രൂപയും വായ്പ എടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് 8,907.38 കോടിയും രാജസ്ഥാന്‍ 7,490.01 കോടി രൂപയും കര്‍ണാടക 7,249.99 കോടിയും വായ്പയെടുത്തു.

ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി മാസങ്ങള്‍ പിന്നിടുമ്പോഴും കോടിക്കണക്കിന് ആളുകള്‍ പ്രതിസന്ധിയിലാണെന്നും എന്നാല്‍ കേന്ദ്രം സ്ഥിതി സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന് ആവശ്യത്തിന് ഫണ്ട് വിനിയോഗിക്കുന്നില്ലെന്നും പ്രഫുല്‍ സര്‍ദ പറയുന്നു. കൊവിഡ് മൂലം പ്രതിസന്ധിയിലായത് പ്രധാനമായും നിര്‍മാണ മേഖലയാണ്. ആറ് കോടിയോളം എംഎസ്എംഇ, എസ്എംഇ ഇതിനോടകം അടച്ചുപൂട്ടപ്പെട്ടു. ഇതോടെ 15 കോടിയിലധികം ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതിനാല്‍ കേന്ദ്രം പാക്കേജ് അടിയന്തരമായി വിതരണം ചെയ്യണമെന്നും പ്രഫുല്‍ സര്‍ദ പറയുന്നു.

Story Highlights Rs 20 lakh-crore pandemic package: Barely 10% disbursed – says RTI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top