മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും നടത്തിയത് ഗുരുതര ചട്ടലംഘനം; നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് എം. കെ മുനീറിന്റെ കത്ത്
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ടി. എം തോമസ് ഐസകിനുമെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പ്രതിപക്ഷ ഉപനേതാവ് എം. കെ മുനീർ. എല്ലാവർക്കും സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഗുരുതരമായ ചട്ടലംഘനമാണെന്ന് മുനീർ ആരോപിക്കുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ അധികാര ദുർവിനിയോഗമാണ് ഇതിലൂടെ നടത്തിയിരിക്കുന്നതെന്നും മുനീർ പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിലൂടെയാണ് ചട്ടലംഘനം നടത്തിയത്. ക്ഷേമ പെൻഷൻ ലഭിക്കുന്നവർക്ക് ജനുവരിയിൽ മസ്റ്ററിംഗ് നടത്തില്ല എന്ന ധനകാര്യമന്ത്രിയുടെ പോസ്റ്റ് സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം മസ്റ്ററിംഗ് നിർബന്ധമാക്കിയിരിക്കുകയാണ്. ഈ ഉത്തരവ് നിലനിൽക്കെ സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കളെ സ്വാധീനിക്കാൻ വേണ്ടിയാണ് ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റെന്നും മുനീർ ആരോപിക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും നടത്തിയിരിക്കുന്ന ഗുരുതര ചട്ടലംഘനം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മുനീർ ആവശ്യപ്പെടുന്നു.
Story Highlights – M K Muneer, Pinarayi vijayan, Thomas Issac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here