ടിആര്‍പി റേറ്റിംഗ് തിരിമറി; റിപ്പബ്ലിക് ടിവി സിഇഒയെ അറസ്റ്റ് ചെയ്തു

റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചന്‍ധാനിയെ അറസ്റ്റ് ചെയ്തു. ടിആര്‍പി റേറ്റിംഗ് കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിന് ഇടയിലാണ് അറസ്റ്റുണ്ടായത്. വികാസ് കഞ്ചന്‍ധാനിയുടെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് റിപ്പബ്ലിക് ടിവി അധികൃതര്‍ പ്രതികരിച്ചു. രണ്ട് മറാത്തി ചാനലുകളും റിപ്പബ്ലിക് ടിവിയും ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിച്ചുവെന്നാണ് മഹാരാഷ്ട്ര പൊലീസ് കേസ് ചാര്‍ജ് ചെയ്തത്. എന്നാല്‍ ഇത് റിപ്പബ്ലിക് ടിവിയും മറാത്തി ചാനലുകളും നിഷേധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്നാണ് റിപ്പബ്ലിക് ടിവിയുടെ വാദം. മഹാരാഷ്ട്ര പൊലീസും റിപ്പബ്ലിക് ടിവി അധികൃതരും തമ്മില്‍ ഇടച്ചില്‍ ആരംഭിച്ചിട്ട് കുറച്ചുകാലമായി.
Read Also : റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്
കേസില്‍ അറസ്റ്റിലാകുന്ന 13ാമത്തെ ആളാണ് വികാസ്. നേരത്തെ റിപ്പബ്ലിക് മീഡിയ നെറ്റ് വര്‍ക്ക് ഉടമകളായ എആര്‍ജി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ ജോലിക്കാരെ സംരക്ഷിക്കുന്നതിനായി നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മഹാരാഷ്ട്ര പൊലീസ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെയും മറ്റ് ജീവനക്കാരെയും വേട്ടയാടുന്നുവെന്ന് കാണിച്ചായിരുന്നു ഹര്‍ജി.
കേസില്‍ മഹാരാഷ്ട്ര പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത് ഒക്ടോബര്‍ ആറിനാണ്. ഹന്‍സ റിസേര്‍ച്ചിലെ നിതിന്‍ ഡിയോകറാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
Story Highlights – trp rating, republic tv, Vikas Khanchandani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here