ശമ്പളം വെട്ടിക്കുറച്ചു, കൃത്യമായി കിട്ടുന്നില്ല; ഐഫോണ്‍ നിര്‍മാണശാല തൊഴിലാളികള്‍ അടിച്ചുതകര്‍ത്തു

ശമ്പളം വെട്ടിക്കുറച്ചുവെന്നും കൃത്യമായി ലഭിക്കുന്നില്ലെന്നും ആരോപിച്ച് ഐഫോണ്‍ നിര്മാലശാല തൊഴിലാളികള്‍ അടിച്ചുതകര്‍ത്തു. കോലാറിലെ വിസ്ട്രോണ്‍ കമ്പനിയാണ് തൊഴിലാളികള്‍ അടിച്ചുതകര്‍ത്തത്. ഇന്നലെ രാവിലെ ആറുമണിയോടെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ബംഗളൂരുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കോലാറിലെ നര്‍സാപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ഐഫോണ്‍ പ്ലാന്റുള്ളത്. 43 ഏക്കര്‍ സ്ഥലമാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്തിരിക്കുന്നത്. 2,900 കോടി രൂപയാണ് ഇവിടെ കമ്പനി നിക്ഷേപിച്ചിരിക്കുന്നത്. 10,000 ല്‍ അധികം തൊഴിലാളികളാണ് ഇവിടെയുള്ളത്.
ആപ്പിളിന്റെ ഐഫോണ്‍ എസ്ഇ, ഇന്റന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ബയോടെക് ഡിവൈസുകള്‍ എന്നിവ ഇവിടെ നിന്നാണ് നിര്‍മിക്കുന്നത്. രാവിലെ ഷിഫ്റ്റ് മാറുന്നതിനിടെയാണ് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കമ്പനിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ചു. പ്രധാന കവാടത്തിന് സമീപത്തെ ഗ്ലാസുകളും കാബിനുകളും അടിച്ചുതകര്‍ത്തു.
പൊലീസ് എത്തി ഏറെനേരെ ശ്രമിച്ചിട്ടും തൊഴിലാളികളെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തിവീശി. അതേസമയം, സംഭവത്തെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. 21,000 രൂപയ്ക്ക് ജോലി ചെയ്തിരുന്നയാള്‍ക്ക് ശമ്പളം വെട്ടിക്കുറച്ച് 16,000 ആക്കിയെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇത് 12,000 രൂപയാക്കിയെന്നും ജോലിക്കാര്‍ പറയുന്നു.
Story Highlights – Violence erupts at iPhone manufacturing plant in Kolar over salary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here