Advertisement

ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, ഇവര്‍ കൂടി അവകാശികളാണ്; സ്‌കൂബിയെ ചേര്‍ത്തുപിടിച്ച് രമേശ് ചെന്നിത്തല

December 14, 2020
2 minutes Read

വളര്‍ത്തുനായയെ ഉടമ കാറില്‍ കെട്ടിവലിച്ച വാര്‍ത്ത വളരെ വേദനയോടെയാണ് കേരളം കണ്ടത്. ഇതിന് പിന്നാലെ തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ വളര്‍ത്തുനായ സ്‌കൂബിയെ രമേശ് ചെന്നിത്തല പരിചയപ്പെടുത്തിയത്. സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്‌നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറുക. സ്‌നേഹിച്ചാല്‍ ഇരട്ടിയായി സ്‌നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, അവര്‍ കൂടി അവകാശികളാണെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്….

വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച വാര്‍ത്ത കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസര്‍ഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോള്‍, ഞങ്ങളുടെ വളര്‍ത്തുനായ സ്‌കൂബി ഓടിയെത്തി സ്‌നേഹപ്രകടനം തുടങ്ങി.

ഇളയമകന്‍ രമിത്ത് രണ്ടര വര്‍ഷം മുന്‍പാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകള്‍ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാല്‍ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലില്‍ ഇടിച്ചാണ് നില്‍ക്കുന്നത്. മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്‌കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്.

കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതല്‍ ഇഷ്ടത്തോടെ ഞങ്ങള്‍ ചേര്‍ത്തുപിടിച്ചു തുടങ്ങി. ഏതെങ്കിലും ഒരു പോരായ്മ നികത്താനായി മറ്റെന്തെങ്കിലും കഴിവ് ദൈവം കൂടുതല്‍ നല്‍കും എന്ന് പറയുന്നത് സ്‌കൂബിയുടെ കാര്യത്തില്‍ ശരിയാണെന്ന് തിരിച്ചറിഞ്ഞു. ചെത്തികൂര്‍പ്പിച്ച ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു.

സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്‌നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറുക. സ്‌നേഹിച്ചാല്‍ ഇരട്ടിയായി സ്‌നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യര്‍ മാത്രമല്ല, അവര്‍ കൂടി അവകാശികളാണ്.

Story Highlights ramesh chennithala facebook post about his dog

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top