ട്വന്റിഫോർ സ്റ്റാർ ആക്കിയ മധു ഇവിടെയുണ്ട്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫല പ്രഖ്യാപനം വന്നപ്പോൾ ട്വന്റിഫോർ സ്റ്റാർ ആക്കിയ ഒരു സ്ഥാനാർത്ഥിയുണ്ട്. ഫലപ്രഖ്യാപനം പറയുന്നതിനിടെ ചാനലിന്റെ എംഡി ശ്രീകണ്ഠൻ നായർ മധു വിജയിച്ച കാര്യം പറയുകയും അവതാരകൻ അരുൺ അഭിനന്ദനങ്ങൾ അറിയിക്കുകയും അത് പിന്നെ ട്രോൾ ആയി മാറുകയും ചെയ്തു. സോഷ്യൽ മീഡിയ ഇത് ഏറ്റെടുത്തതോടെ സംഗതി വൈറലായി. നിരവധി പേർ മധുവിന് വേണ്ടിയുള്ള അന്വേഷണം തുടങ്ങി. ട്വന്റിഫോർ വൈറലാക്കിയ മധു, ദാ ഇവിടെയുണ്ട്.
കാവനാട് ഡിവിഷനിലെ സിപിഐ സ്ഥാനാർത്ഥിയായാണ് മധു മത്സരിച്ചത്. 130 വോട്ടുകൾക്കാണ് ജയം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഫല പ്രഖ്യാപനം വന്നപ്പോൾ ആദ്യം വിജയിയായത് മധുവാണ്. കൊല്ലം കാവനാടാണ് ഇദ്ദേഹത്തിന്റെ സ്വദേശം. കഴിഞ്ഞ 37 വർഷമായി പുസ്തക പ്രസാധന രംഗത്തുണ്ട്. പ്രമുഖരായ നിരവധി എഴുത്തുകാരുടേതുൾപ്പെടെ ആയിരത്തിലധികം പുസ്തകങ്ങൾ പുറത്തിറക്കി. സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമാണ്.
സോഷ്യൽ മീഡിയയിൽ താരമായതിനെ കുറിച്ച് ചോദിച്ചപ്പോൾ അതിനും മറുപടിയുണ്ട് മധുവിന്. താനൊരു എഴുത്തുകാരനായിരുന്നുവെങ്കിൽ ഒരുപക്ഷേ എല്ലാവരും അറിയുമായിരുന്നു. എഴുത്തുകാരന്റെ പ്രാധാന്യവും പ്രസാധകന്റെ പ്രാധാന്യവും മനസിലാക്കാൻ ട്വന്റിഫോറിന്റെ വിഡിയോയിലൂടെ സാധിച്ചുവെന്നും മധു പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here