കോണ്‍ഗ്രസില്‍ കലാപക്കൊടിയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപക്കൊടിയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. തര്‍ക്കങ്ങള്‍ക്കിടെ ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി കൂടുതല്‍ കലുഷിതമാകാനാണ് സാധ്യത.
അനൂകൂല രാഷ്ട്രീയാന്തരീക്ഷത്തിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകാതെ പോയതില്‍ നേതൃത്വത്തെ പഴിക്കുകയാണ് രണ്ടാംനിര നേതാക്കളും പ്രവര്‍ത്തകരും. കെപിസിസി പ്രസിഡന്റും മറ്റുനേതാക്കളും ഒരേവിഷയത്തില്‍ വ്യത്യസ്ത അഭിപ്രായം പറയുന്നതും പരസ്യവാക്‌പോര് നടത്തുന്നതും യോജിച്ച നടപടിയല്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ആജ്ഞാ ശക്തിയുളള നേതാക്കള്‍ കോണ്‍ഗ്രസിനില്ലാത്തതാണ് അച്ചടക്കം ലംഘിക്കപ്പെടുന്നതിന് കാരണമെന്നും മുതിര്‍ന്ന നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലുമെല്ലാം പലവിധ പാളിച്ചകളുണ്ടായി. വിജയസാധ്യത പരിഗണിക്കാതെയുള്ള സ്ഥാനാര്‍ത്ഥിത്വം, വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും തുടര്‍വിവാദങ്ങളും, ജോസ് കെ. മാണിക്കെതിരായ നടപടി തുടങ്ങി കുന്നോളം കുറ്റങ്ങള്‍ നേതാക്കള്‍ക്കെതിരെ ഉയരുന്നുണ്ട്. വീഴ്ചകള്‍ യഥാസമയം കണ്ടെത്തി പരിഹരിക്കുന്നതിന് കെപിസിസി നേതൃത്വം ആര്‍ജവം കാണിച്ചില്ലെന്നും ആക്ഷേപമുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടുകളെ ചോദ്യം ചെയ്ത് പ്രത്യക്ഷമായും പരോക്ഷമായും പല നേതാക്കളും രംഗത്തുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പാണ് തോല്‍വിക്ക് കാരണമെന്ന മറുവാദമാണ് മുല്ലപ്പള്ളി അനുകൂലികള്‍ ഉയര്‍ത്തുന്നത്. ഏറെ വിജയ സാധ്യതയുണ്ടായിരുന്നിട്ടും നേരിട്ട ദയനീയ പരാജയം പ്രതിപക്ഷം ദുര്‍ബലമാണെന്നതിന്റെ സൂചനയായും ചിലരെങ്കിലും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതുയര്‍ത്തി പ്രതിപക്ഷ നേതാവിനെതിരെയും വിമര്‍ശനങ്ങളുയര്‍ന്നേക്കും.
ആക്ഷേപങ്ങള്‍ക്ക് മുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയുമാണ് പ്രധാനമായും മറുപടി പറയേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നേതൃമാറ്റമെന്ന ആവശ്യവുമായി കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും ഒരുവിഭാഗം തയാറെടുക്കുകയാണ്. ഒപ്പം നിയമസഭാ തെരഞ്ഞടുപ്പ് ഉമ്മന്‍ചാണ്ടി നയിക്കണമെന്ന ആവശ്യവും ശക്തമാകും. തിരുവനന്തപുരത്ത് നേതാക്കള്‍ സീറ്റുകച്ചവടം നടത്തിയെന്ന ആരോപണവും നേതൃത്വം ഗൗരവമായി ചര്‍ച്ച ചെയ്യും. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉള്‍പ്പെടെ ആക്ഷേപം നിലനില്‍ക്കുന്നതിനാല്‍ ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി ഏറെ കലുഷിതമാകുമെന്നുറപ്പാണ്.
Story Highlights – Congress leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here