സംസാരിക്കാന്‍ അനുവദിച്ചില്ല; പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപോയി

പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി യോഗത്തില്‍ നാടകീയ രംഗങ്ങള്‍. സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം പങ്കെടുത്ത യോഗത്തിലായിരുന്നു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തമ്മിലുള്ള വാക്ക് തര്‍ക്കവും ഇറങ്ങിപ്പോക്കും ഉണ്ടായത്. സമിതിയോഗത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇറങ്ങിപോയി. പ്രതിരോധ സമിതി യോഗത്തിലെങ്കിലും സഹിഷ്ണുത കാട്ടാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് ബിജെപി കുറ്റപ്പെടുത്തി. പാനല്‍ ചെയര്‍മാനായ ബിജെപി എംപി ജുവല്‍ ഓറം തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.
ഇന്ത്യന്‍ സേനയിലെ മുഴുവന്‍ പട്ടാളക്കാര്‍ക്കും ഒരേ യൂണിഫോം നടപ്പാക്കുന്നത് സംബന്ധിച്ച് ആയിരുന്നു ചര്‍ച്ച. ഈ വിഷയത്തില്‍ ചര്‍ച്ച വേണ്ടെന്ന് രാഹുല്‍ഗാന്ധി നിര്‍ദ്ദേശിച്ചു. സൈനികരെ എങ്ങനെ മികച്ച രീതിയില്‍ സജ്ജരാക്കാം എന്നാക്കി ചര്‍ച്ച വിഷയം മാറ്റണം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. സൈനികരുടെ പരിശീലനം അടക്കമുള്ള കാര്യങ്ങളില്‍ നിര്‍ദ്ദേശം നല്‍കാന്‍ പാര്‍ലമെന്ററി സമിതി ശ്രമിച്ചാല്‍ അത് ഉചിതമാകില്ലെന്നായിരുന്നു സമിതി അധ്യക്ഷന്‍ ബിജെപിയിലെ ജുവല്‍ ഓറാമിന്റെ മറുപടി. ഇതിനായി പ്രത്യേകം ദൈനംദിന സംവിധാനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രതിരോധ സമിതി ചെയര്‍മാന്‍ പറഞ്ഞു.
സായുധ സേനയുടെ യൂണിഫോം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലൂടെ പാനല്‍ സമയം പാഴാക്കിക്കളയുകയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇന്ത്യന്‍ സേനയിലെ ഓരോ വിംഗുകള്‍ക്കും അവരുടെ യൂണിഫോമുകള്‍ക്കും ചരിത്രവും ഭൂതകാലവുമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാദം. അതുകൊണ്ട് തന്നെ അവ മാറ്റുകയോ അക്കാര്യം ചര്‍ച്ച ചെയ്യുകയോ വേണ്ട. ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയെ നേരിടുന്ന ഇന്ത്യന്‍ സേനയെ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചര്‍ച്ചയാണ് വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ തള്ളി സമിതി മറ്റ് വിഷയങ്ങളുമായി മുന്നോട്ട് പോയതോടെ യോഗം ബഹളത്തില്‍ കലാശിച്ചു. ബഹളത്തിനൊടുവില്‍ പാനല്‍ ചെയര്‍മാനായ ബിജെപി എംപി ജുവല്‍ ഓറം തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും കോണ്‍ഗ്രസ് യോഗത്തില്‍ നിന്ന് ഇറങ്ങി പോവുകയാണെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം പങ്കെടുത്ത യോഗമാണ് ബഹളത്തില്‍ മുങ്ങിയത്.
Story Highlights – Rahul Gandhi walks out of meeting of Parliamentary Standing Committee on Defence
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here