Advertisement

കോൺഗ്രസ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും

December 19, 2020
Google News 1 minute Read

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ യുഡിഎഫ് ഉന്നതാധികാര സമിതി ഇന്ന് യോഗം ചേരും. കോൺഗ്രസിലെ തമ്മിലടിയാണ് തോൽവിക്ക് കാരണമെന്ന ഘടക കക്ഷികളുടെ പരസ്യ പ്രതികരണത്തിനിടെ നടക്കുന്ന യോഗം ചൂടേറിയ ചർച്ചകൾക്കും വേദിയാകും. വൈകിട്ട് മൂന്നിനാണ് യോഗം ചേരുക.

ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും പരാജയത്തിന് പിന്നാലെ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന സമീപനമാണ് ഘടകകക്ഷികൾ പലരും കൈക്കൊണ്ടത്. സ്വന്തം മേഖലകളിലെ വിജയം ഉയർത്തിക്കാട്ടിയാണ് മുസ്ലിംലീഗ് അടക്കമുള്ളവർ കോൺഗ്രസിന്റെ ദൗർബല്യം വിശദീകരിക്കാൻ ശ്രമിച്ചത്. കോൺഗ്രസിലെ ഗ്രൂപ്പുപോരും തമ്മിലടിയുമാണ് തിരിച്ചടിക്ക് കാരണം. വെൽഫെയർ പാർട്ടിയുമായുളള ധാരണ വിവാദമാക്കിയതും അതുവഴി മധ്യകേരളത്തിൽ പരമ്പരാഗത വോട്ടുകൾ നഷ്ടമായതും ഗൗരവ ചർച്ചയ്ക്ക് വഴിയൊരുക്കും. ഘടകകക്ഷികൾക്ക് നൽകിയ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തി വഞ്ചിച്ചെന്ന അഭിപ്രായവും മിക്ക ഘടകകക്ഷികൾക്കും ഉണ്ട്. തൊടുപുഴയിൽ കോൺഗ്രസ് കാലുവാരിയതാണ് തിരിച്ചടിക്ക് കാരണമെന്ന പി ജെ ജോസഫിന്റെ കുറ്റപ്പെടുത്തലും ഇതിന്റ ഭാഗമാണ്. ജോസ് കെ മാണിയെ മുന്നണിയിൽ നിന്ന് പുറത്താക്കേണ്ടിയിരുന്നില്ലെന്ന കോൺഗ്രസിലെ ഒരു വിഭാഗത്തിന്റ അഭിപ്രായവും ചർച്ചയ്ക്ക് വരും. തോറ്റിട്ടും തിരിച്ചടിയുണ്ടായിട്ടില്ലെന്ന കോൺഗ്രസ് നേതൃത്വത്തിന്റ വിശദീകരണത്തിലും ഘടക കക്ഷികൾക്ക് നീരസമുണ്ട്. തോൽവിയെ ഗൗരവത്തോടെ കാണണമെന്ന ആർ എസ് പി യുടെ മുന്നറിയിപ്പ് ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസിനെതിരായ ഘടകകക്ഷികളുടെ അതൃപ്തിയും പരസ്യ പ്രസ്താവനകളും ഇന്നത്തെ മുന്നണി യോഗത്തെ ചൂടുപിടിപ്പിക്കും. സംഘടനാ തലത്തിൽ കൈക്കൊള്ളാൻ പോകുന്ന തിരുത്തൽ നടപടികൾ വിശദീകരിച്ചു കൊണ്ടാകും ഘടകകക്ഷികളുടെ ആക്ഷേപങ്ങളെ കോൺഗ്രസ് യോഗത്തിൽ പ്രതിരോധിക്കുക.

Story Highlights – Congress high-powered committee will meet today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here