കൊവിഡ് കാരണം പാര്‍ലമെന്റ് സമ്മേളനം ഒഴിവാക്കിയവര്‍ ബംഗാളില്‍ റാലി നടത്തുന്നു; വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കൊവിഡിന്റെ പേര് പറഞ്ഞ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നിര്‍ത്തലാക്കുകയും അതേസമയം, ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബംഗാളില്‍ റാലിനടത്തുകയും ചെയ്ത നടപടി ബിജെപിയുടെ കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ രാഷ്ട്രീയ അധാര്‍മികതയും കീറിയെറിഞ്ഞ് എല്ലാ പാര്‍ട്ടികളില്‍നിന്നും ബിജെപി നേതാക്കളെ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് പാര്‍ലമെന്റ് സമ്മേളനം ഒഴിവാക്കിയ അമിത്ഷാ മാസ്‌ക്കും സാമൂഹിക അകലവുമില്ലാതെ റാലികള്‍ സംഘടിപ്പിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നു. മോദിയുടെയും അമിത് ഷായുടെയും ബിജെപി ജനാധിപത്യത്തെ കീറിയെറിയുകയാണ് -പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളില്‍ എത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ലമെന്റ് ശീതകാല സമ്മേളനം നടത്തേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
Story Highlights – Prashant Bhushan criticizes Amit Shah’s visit to Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here