നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ സംഭവം: നാലുപേര്‍ അറസ്റ്റില്‍

വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കേസില്‍ ഒന്‍പത് പ്രതികളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ് നര്‍ക്കോട്ടിക്‌സ് സെല്ലിന്റെ നേതൃത്വത്തില്‍ ലഹരി മരുന്ന് വേട്ട നടന്നത്.
വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. നിശാപാര്‍ട്ടിക്ക് എത്തിച്ച സ്റ്റാമ്പ്, എംഡിഎംഎ, ഹെറോയിന്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. നിശാപാര്‍ട്ടിക്ക് എത്തിയ 60 പേരെ മൂന്നു സംഘങ്ങളായി തിരിച്ചാണ് ചോദ്യം ചെയ്യല്‍. ഇവരുടെ പക്കല്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ഒന്‍പത് പ്രധാന പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
25 ഓളം സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെടുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിശാപാര്‍ട്ടി സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ മൂന്ന് യുവാക്കളുടെയും ഒരു യുവതിയുടെയും ഉള്‍പ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ ആയിരുന്നു നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധന.
പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ എവിടെ നിന്നും എത്തിച്ചു എന്നുള്ളതാണ് പൊലീസ് നിലവില്‍ അന്വേഷിക്കുന്നത്. ഇതിനായി പിടിയിലായവരുടെ മൊബൈല്‍ ഫോണും ആഢംബര കാറുകളും കേന്ദ്രികരിച്ചുള്ള സംസ്ഥാന വ്യാപക അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ജന്മദിനാഘോഷങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ റിസോര്‍ട്ട് ബുക്ക് ചെയ്തത് എന്നും നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തനിക്ക് അറിയില്ലായിരുന്നു എന്നും റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കാട് പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here